അഹമ്മദാബാദ് സ്ഫോടനത്തിന് കേരളത്തില്‍ നിന്ന് എത്തിച്ചത് 4 ബൈക്കുകള്‍

2008 ജൂലായ് 26നാണ് അഹമ്മദാബാദിലെ വിവിധയിടങ്ങളില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിനായി കേരളത്തില്‍ നിന്ന് നാല് ബൈക്കുകളാണ് അന്ന് കടത്തിക്കൊണ്ടുപോയത്. കൊച്ചി സ്വദേശിയുടേതാണ് ഇതില്‍ ഒരു ബൈക്കെന്ന് ദേശീയ അന്വേഷണ ഏജന്‍സി പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഫോടനത്തില്‍ തകര്‍ന്ന ബൈക്കിന്റെ ഫൊറന്‍സിക് പരിശോധനയില്‍ ലഭിച്ച നമ്പര്‍ പിന്‍തുടര്‍ന്ന് മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് ഉടമയെ തേടി കൊച്ചിയിലെത്തിയിരുന്നു.
ഗുജറാത്തിലും മുംബൈയിലും മറ്റ് പല സ്ഥലങ്ങളിലുമായി സ്ഫോടനത്തിനുപയോഗിച്ച നാലു ബൈക്കുകളുടെ അവശിഷ്ടങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒരു ബൈക്കിന്റെ റജിസ്റ്റേര്‍ഡ് ഉടമയെ തേടിയാണ് കൊച്ചിയിലും അന്വേഷണ സംഘം എത്തിയത്. കൊച്ചി നഗരസഭാ മേഖലാ ഓഫീസ്, മട്ടാഞ്ചേരി ആര്‍.ടി.ഒ ഓഫീസ്, റേഷന്‍കട, സമീപത്തെ വീടുകള്‍ എന്നിവിടങ്ങളില്‍ അന്വേഷണ സംഘം തെളിവെടുപ്പും നടത്തിയിരുന്നു.
Read Also : അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസ്; വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും
21 ഇടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ വിധി പറഞ്ഞത്.
കോടതി 38 പേര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ 3 പേര്‍ മലയാളികളാണ്. ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്. ഷാദുലിക്കും ഷിബിലിക്കും വാഗമണ്‍ കേസിലും നേരത്തേ ശിക്ഷ ലഭിച്ചിരുന്നു. മറ്റൊരു മലയാളിയായ ആലുവ സ്വദേശി മുഹമ്മദ് അന്‍സാരിക്ക് മരണം വരെ ജീവപര്യന്തം കഠിന തടവാണ് ലഭിച്ചത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നിസാരമായി പരിക്കേറ്റവര്‍ക്ക് 25000 രൂപ വീതവും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസില്‍ 4 മലയാളികള്‍ ഉള്‍പ്പടെ 78 പേര്‍ വിചാരണ നേരിട്ടതില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 49 പ്രതികളില്‍, നേരിട്ട് പങ്കുള്ള 38 പേര്‍ക്ക് തൂക്കുകയറും 11 പേര്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.
സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2002ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി.
Story Highlights: 4 bikes brought from Kerala for Ahmedabad blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here