Advertisement

ഗവര്‍ണറെ തത്കാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

February 18, 2022
1 minute Read

നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഉപാധി വെച്ച ഗവര്‍ണറെ തത്കാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സി പി ഐ എം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വരെ കാത്തിരിക്കാനാണ് സി പി ഐ എം നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കുള്ള മറുപടി നിയമസഭയില്‍ തന്നെ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

നയപ്രഖ്യാപനത്തില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ വിമുഖത കാട്ടിയത് അനശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഹരി എസ് കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തിയിട്ടും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റിയതോടെയാണ് ഗവര്‍ണര്‍ അയഞ്ഞത്. ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും സി പി ഐയും പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ സിപിഐഎം ഏതുവിധത്തിലാകും പ്രതികരിക്കുക എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണവും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചശേഷം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിലാണ് സിപിഐ മുഖപത്രം വിമര്‍ശിച്ചത്. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ പാര്‍ട്ടി ആവശ്യപ്പെടുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ ഉയര്‍ത്തിക്കാട്ടി. സര്‍ക്കാര്‍ നയങ്ങളോടുള്ള പരിഹാസ്യമായ എതിര്‍പ്പാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചതെന്ന പരാമര്‍ശവും മുഖപ്രസംഗത്തിലുണ്ട്.

ഭരണഘടനയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അബദ്ധധാരണകളാണ് ഗവര്‍ണര്‍ക്കുമുള്ളതെന്ന് സിപിഐ മുഖപ്രസംഗത്തിലൂടെ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പദവി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അല്‍പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ലെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിച്ചു. ഗവര്‍ണറുടെ ഇടപെടലുകള്‍ സര്‍ക്കാരിന്റേയും നിയമസഭയുടേയും പ്രവര്‍ത്തനത്തിന് ഭീഷണിയായി മാറുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുഖപ്രസംഗത്തിലുണ്ട്.

അവസാനമണിക്കൂറില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്. അസാധാരണ സാഹചര്യത്തെ ഗവര്‍ണര്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മറികടന്നത്. ഇന്ന് രാവിലെ 9 മണിക്കാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. നയപ്രഖ്യാപന പ്രസംഗത്തില്‍ മറ്റുവല്ല സസ്‌പെന്‍സും ഗവര്‍ണര്‍ കരുതി വെച്ചിട്ടുണ്ടോയെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലാണെന്ന ആരോപണം ശക്തമാക്കിയ പ്രതിപക്ഷം, ഇന്നത്തെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാനാണ് സാധ്യത. രാവിലെ ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കും. ഹിജാബ് വിഷയത്തിലെ നിലപാടിനെതിരെ സഭക്കകത്ത് ഗവര്‍ണക്കര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തീര്‍ക്കുമെന്നും സൂചനയുണ്ട്. ലോകായുക്താ ഓര്‍ഡിനന്‍സും കെഎസ് ഇ ബി വിവാദവും, എം ശിവശങ്കറിന്റെ ആത്മകഥയും അതിനോടുളള സ്വപ്നാസുരേഷിന്റെ മറുപടിയും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന്‍ന്റെ ആവനാഴിയില്‍ അമ്പുകളേറെയാണ്. പ്രതിപക്ഷ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ സര്‍വായുധ സന്നദ്ധരാണ് ഭരണപക്ഷവും.

Story Highlights: cpim stand governor arif muhammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top