മലയാളി പൊളിയല്ലേ…യുഎഇയിൽ പെട്രോൾ ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി വനിതയായി ഡെലീഷ്യ

വർഷങ്ങൾ നീണ്ട പ്രയത്നവും കഠിനാധ്വാനവുമാണ് ഓരോ വ്യക്തിയുടെയും പൂവണിയുന്ന സ്വപ്നങ്ങൾക്ക് പിന്നിൽ. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലെത്തി തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞ ഡെലീഷ്യയെ ഓർമയില്ലേ… ഒരു കോടിയുടെ വേദിയിലെത്തി ജീവിതം മാറിമറിഞ്ഞ നിരവധി പേരിൽ ഒരാൾ. പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിമൂന്നുകാരി തൃശൂർ സ്വദേശിനി തന്റെ സ്വപ്നങ്ങളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും ഒരു കോടിയുടെ വേദിയിൽ ഡെലീഷ്യ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഡെലീഷ്യയെ തേടിയെത്തിയത് ദുബായിൽ നിന്നൊരു അവസരമാണ്. ദുബായുടെ മണ്ണിൽ വളയം തിരിക്കാനുള്ള അവസരം. എന്നാൽ ഇന്ന് പുതിയൊരു ചരിത്രം തന്നെ കുറിച്ചിരിക്കുകയാണ് ഡെലീഷ്യ. യുഎഇയിൽ പെട്രോൾ ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി വനിതയാണ് ഡെലീഷ്യ.
അബുദാബിയിൽ നിന്നുള്ള ഫോൺ കാൾ, അവിടെ നിന്നായിരുന്നു ഡെലീഷ്യയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ച് തുടങ്ങിയത്. ദുബായിയിലെത്തിയെങ്കിലും കടമ്പകൾ ഏറെയായിരുന്നു ഡെലീഷ്യയ്ക്ക്. അതിൽ ആദ്യത്തേത് ലൈസൻസ് എടുക്കുക എന്നതാണ്. ഇന്ത്യയിൽ വണ്ടിയോടിച്ച പരിചയം മാത്രം മതിയാകില്ല ദുബായിയിൽ ലൈസൻസ് കിട്ടാൻ. റോഡ് നിയമങ്ങൾ മുതൽ എല്ലാം പഠിച്ച് നിരവധി ടെസ്റ്റുകൾ പാസ്സായാൽ മാത്രമേ ലൈസൻസ് സ്വന്തമാക്കാൻ കഴിയുകയുള്ളു.
ഇവിടെ വന്നപ്പോഴാണ് മനസിലായത് നാട്ടിലെയും ദുബായിലെയും ഡ്രൈവിങ് രണ്ടാണെന്ന്. ഒത്തിരി വ്യത്യാസങ്ങളുണ്ട്. നാട്ടിലെ പോലെ നിയമങ്ങൾ പാലിക്കാതെ ഇവിടെ വണ്ടിയോടിക്കാൻ സാധിക്കില്ല. നിരവധി മാറ്റങ്ങൾ വേറെയും ഉണ്ട് ദുബായിൽ. ഡെലീഷ്യ പറയുന്നു. എന്നാൽ അതിലൊന്നും വിട്ടുകൊടുക്കാൻ ഡെലീഷ്യ തയ്യാറായില്ല. എല്ലാ പഠിച്ചെടുത്തത് ലൈസൻസിന് അപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ അവിടെ വെച്ചാണ് ഈ ജോലിക്കായി ലൈസൻസിന് അപേക്ഷിക്കുന്ന ആദ്യ വനിതയാണ് ഡെലീഷ്യ എന്നറിയുന്നത്.
നിശ്ചയദാർഢ്യത്തിന് മുന്നിൽ എല്ലാ പ്രതിസന്ധികളും അലിഞ്ഞ് ഇല്ലാതാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഇന്ന് യുഎഇയിൽ പെട്രോൾ ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി വനിത എന്ന നേട്ടം ഡെലീഷ്യയ്ക്ക് മാത്രം സ്വന്തമായുള്ളതാണ്. ദുബായ് ഇന്റർനാഷണൽ ലൈസൻസും ഹെവി വെഹിക്കിൾ ലൈസൻസും കയ്യിൽ കിട്ടിയപ്പോൾ ഇത്രയും കാലത്തെ കഷ്ടപ്പാടിനൊക്കെ ഉത്തരം കിട്ടിയതുപോലെയാണ് തോന്നിയത് ഡെലീഷ്യ 24 ന്യൂസിനോട് പറഞ്ഞു. പ്രതിസന്ധികളെയെല്ലാം അവസരങ്ങളാക്കി മാറ്റി കൊണ്ട് ഡെലീഷ്യ ഡേവിസിന്റെ യാത്ര തുടരുകയാണ്. ഓരോ മലയാളിയുടെയും അഭിമാനം വാനോളം ഉയർത്തികൊണ്ട്.
Story Highlights: Delicia became the first Malayali woman to drive a petrol tanker truck
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here