അന്ന് പ്രത്യക്ഷപ്പെട്ടത് വമ്പൻ മിന്നൽ; ചരിത്രം കുറിച്ച രണ്ട് മിന്നല്‍പിണറുകള്‍….

ഇടിമിന്നലിന്റെ നീളവും ദൈർഘ്യവുമെല്ലാം കണക്കാക്കുന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. അതുകൊണ്ടാണ് മാസങ്ങളും വർഷങ്ങളുമൊക്കെ എടുത്ത് ഇത് കണക്കാക്കുന്നത്. ഇനി പറഞ്ഞു വരുന്നത് 2020 ൽ ഉണ്ടായ ഇടിമിന്നലിനെ കുറിച്ചാണ്. ചരിത്രം കുറിച്ച രണ്ട് മിന്നൽ പിണറുകൾ ആയിരുന്നു അത് എന്ന് ഗവേഷകർ ഈ അടുത്ത് കണ്ടെത്തി. നീളം കൊണ്ടും നീണ്ട് നിന്ന സമയദൈര്‍ഘ്യം കൊണ്ടും 2020ല്‍ ഉണ്ടായ രണ്ട് വ്യത്യസ്ത ഇടിമിന്നലുകളാണ് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ലോക കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഇത് സ്ഥിരീകരിച്ചതോടെയാണ് ഈ രണ്ട് ഇടിമിന്നലുകളും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതായി പ്രഖ്യാപിച്ചത്.
അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ സൊസൈറ്റി പുറത്തിറക്കുന്ന ബുള്ളറ്റിനിലാണ് ഈ രണ്ട് പുതിയ മിന്നല്‍ ലോക റെക്കോര്‍ഡുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഒന്ന് 2020 ഏപ്രില്‍ മാസത്തിലുണ്ടായ മിന്നലാണ്. ലോകത്തെ ഏറ്റവും നീളമേറിയ മിന്നലായാണ് ഇതിനെ സ്ഥിരീകരിച്ചിരിക്കുന്നത്. തെക്കന്‍ യുഎസ്എയുടെ ആകാശത്തിലാണ് ഈ മിന്നൽ പ്രത്യക്ഷപ്പെട്ടത്. അടുത്തത് 2020 ജൂണ്‍ 18 ലെ ഇടിമിന്നലാണ്. അത് ബ്രസീലിലായിരുന്നു. ലോകത്ത് ഏറ്റവുമധികം സമയം നീണ്ടുനിന്ന ഇടിമിന്നല്‍ എന്ന റെക്കോര്‍ഡാണ് ഇത് സ്വന്തമാക്കിയിരിക്കുന്നത്. 17.1 സെക്കന്റാണ് ഈ മിന്നൽ നീണ്ടുനിന്നത്. ഇതിനു മുമ്പ് 2018 ൽ ഉണ്ടായ ഇടിമിന്നലിന്റെ റെക്കോർഡ് മറികടന്നാണ് ഈ പുതിയ റെക്കോർഡ്.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു 2017 വരെ ഇടിമിന്നലുകലെ കുറിച്ചുള്ള പഠനം നടത്തിയിരുന്നത്. എന്നാൽ അതിനുശേഷം പഠനത്തില്‍ നിര്‍ണായകമായ ഒരു ശാസ്ത്രപുരോഗതി ഗവേഷകര്‍ കൈവരിച്ചു. 2017 ല്‍ സാറ്റലൈറ്റ് മുഖേന ഇടിമിന്നലുകളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. സാറ്റ്‌ലെറ്റില്‍ സ്ഥാപിച്ച ജിയോസ്റ്റേഷനറി ലൈറ്റനിങ് മാപ്പേഴ്സ് എന്ന ഉപകരണം വഴിയാണ് ഇപ്പോൾ ഗവേഷകർ ഇടിമിന്നലുകളെക്കുറിച്ച് പഠനം നടത്തുന്നത്. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനാണ് ലോകത്തെ ആദ്യ ലൈറ്റനിങ് മാപ്പിങ് സാറ്റ്‌ലെറ്റ് വിക്ഷേപിച്ചത്. 24 മണിക്കൂറും മിന്നലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ ഉപകരണത്തിന് കഴിയും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here