Advertisement

സിറിയക് ജോസഫിനെ വെല്ലുവിളിച്ച് കെ.ടി. ജലീല്‍; രാജി വെയ്ക്കണമെന്ന് ആവശ്യം

February 22, 2022
2 minutes Read

ന്യായാധിപനെന്നുള്ള നിലയില്‍ ഇരിക്കുന്ന സ്ഥാനത്തോട് കുറച്ചെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ലോകായുക്ത ജസ്റ്റിസ് സ്ഥാനം ഡോ. സിറിയക് ജോസഫ് രാജി വയ്ക്കണമെന്ന് എം.എല്‍.എയും മുന്‍ മന്ത്രിയുമായ കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ മൊഴി കൊടുത്ത അഭയാ കേസ് കുറ്റപത്രത്തിലെ തൊണ്ണൂറ്റി ഒന്നാം സാക്ഷിയായ ഡോ. എസ.് മാലിനി, അത് രേഖപ്പെടുത്തി റിപ്പോര്‍ട്ടാക്കി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച സി.ബി.ഐ ഡിവൈ.എസ്.പി നന്ദകുമാര്‍ നായര്‍, അത് ജനങ്ങളോട് വെളിപ്പെടുത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ഇത് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഞാന്‍ എന്നിവര്‍ക്കെതിരായി നടപടിക്ക് അദ്ദേഹം തയ്യാറാകണമെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഡോ. സിറിയക് ജോസഫ് 13 വര്‍ഷമായി ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. അഭയക്കേസിലെ ഒന്നാം പ്രതിക്ക് താനുമായി കുടുംബ ബന്ധമുണ്ടോ എന്നുള്ള കാര്യവും പ്രതികളെ രക്ഷിക്കാനായി നാര്‍ക്കോ അനാലിസിസ് നടത്തിയ ലാബില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ എന്നതും അദ്ദേഹം തുറന്നു പറയണം.

അഭയക്കേസില്‍ വാദം നടക്കുന്ന സമയത്ത് ഒന്നാം അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയിലെ ഭാഗം ചൂണ്ടിക്കാട്ടി ലോകായുക്തയ്ക്കെതിരെ കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

Read Also : സില്‍വര്‍ ലൈന്‍ പദ്ധതി നാടിനെ രണ്ടായി വിഭജിക്കില്ലെന്ന് മുഖ്യമന്ത്രി

നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാള്‍ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണം. തന്റെ അടുത്ത ബന്ധുവായ കൊലക്കേസ് പ്രതിയെ ന്യായാധിപന്‍ എന്ന അധികാരം ദുരുപയോഗം ചെയ്ത് രക്ഷിക്കാന്‍ ശ്രമിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും ജോമോന്‍ പുത്തന്‍പുരക്കല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു.

” ഇപ്പോഴത്തെ ലോകായുക്തയായ ജസ്റ്റിസ് സിറിയക് ജോസഫ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ അഭയ കേസിലെ പ്രതികളുടെ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ ബാഗ്ലൂരിലെ ഫോറന്‍സിക് ലാബിലെ അഡിഷണല്‍ ഡയറക്ടര്‍ ഡോ. മാലിനിയുടെ മുറിയില്‍ വെച്ച് 2008 മെയ് 24ന് കണ്ടതിന്റെ തെളിവുകള്‍ പുറത്തു വന്നു. പ്രസ്തുത വീഡിയോ ഡോ. മാലിനി അഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ എസ.്പി നന്ദകുമാര്‍ നായര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത് സി.ബി.ഐയുടെ പക്കലും കോടതിയിലുമുണ്ട്.

മാത്രമല്ല അഭയാ കേസിലെ കുറ്റപത്രത്തിലെ തൊണ്ണൂറ്റി ഒന്നാം സാക്ഷിയായ ഡോ. എസ.് മാലിനി ഈ വിവരം 2009 ഫെബ്രുവരി 6ന് സി.ബി.ഐക്ക് മൊഴിയായി നല്‍കിയിട്ടുണ്ട്. അഭയാ കേസിലെ പ്രതികളെ സി.ബി.ഐ അറസ്റ്റു ചെയ്തതിന്റെ 6 മാസം മുമ്പാണ് നാര്‍കോ പരിശോധന നടത്തിയതിന്റെ വീഡിയോ കാണാന്‍ സിറിയക് ജോസഫ് ബാഗ്ലൂരിലെ ലാബില്‍ എത്തിയത്. ” ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ ഉദ്ധരിച്ച് കെ.ടി. ജലീല്‍ വ്യക്തമാക്കി.

അന്നത്തെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ വി.വി അഗസ്റ്റിന്‍ എന്നിവരെക്കൊണ്ട് തെളിവ് നശിപ്പിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന വിവരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story Highlights: KT Jaleel challenges Cyriac Joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top