ഇപ്പോഴും കൊവിഡ് പോസിറ്റീവ്; വനിന്ദു ഹസരങ്ക ഇന്ത്യക്കെതിരെ കളിക്കില്ല

ഓൾറൗണ്ടർ വനിന്ദു ഹസരങ്ക ഇന്ത്യക്കെതിരെ കളിക്കില്ല. ഇനിയും കൊവിഡ് മുക്തനാവാത്തതിനാലാണ് താരത്തെ ശ്രീലങ്കൻ ടീമിൽ നിന്ന് റിലീസ് ചെയ്തത്. ഓസീസ് പര്യടനത്തിനിടെ കൊവിഡ് ബാധിച്ച ഹസരങ്കയെയും ബിനുര ഫെർണാണ്ടോയെയും ഇന്ത്യക്കെതിരായ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇതുവരെ ഹസരങ്ക കൊവിഡ് നെഗറ്റീവ് ആയിട്ടില്ല.
നാളെ മുതലാണ് ശ്രീലങ്ക-ഇന്ത്യ പരിമിത ഓവർ പരമ്പരകൾ ആരംഭിക്കുക. പരമ്പരയിൽ സൂര്യകുമാർ യാദവും ദീപക് ചഹാറും കളിക്കില്ല. പരുക്കേറ്റ ഇരുവരും പരമ്പരകളിൽ നിന്ന് പുറത്തായതായി ബിസിസിഐ അറിയിച്ചു. കയ്യിൽ പരുക്കേറ്റതാണ് സൂര്യകുമാർ യാദവിനു തിരിച്ചടിയായത്. ചഹാറിൻ്റെ തുടയ്ക്കാണ് പരുക്ക്.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിരുന്നു. ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെഎല്‍ രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു.
മുന്‍ നായകന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്നിവര്‍ക്ക് ടി-20 പരമ്പരയില്‍നിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ടി-20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് രണ്ട് ടീമുകളിലും ഇടംപിടിച്ചു.
മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി-20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.
Story Highlights: Wanindu Hasaranga Covid India series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here