സ്വന്തം റിസ്‌കില്‍ അതിര്‍ത്തിയിലെത്താനാണ് എംബസി നിര്‍ദേശിക്കുന്നതെന്ന ആരോപണവുമായി മലയാളി വിദ്യാര്‍ത്ഥികള്‍

യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂടുതല്‍ മേഖലകളിലേക്ക് കടന്നുകയറുന്ന പശ്ചാത്തലത്തില്‍ ഭീതിയിലും അനിശ്ചിതത്വത്തിലും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി. രക്ഷാദൗത്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അതിര്‍ത്തികളിലേക്ക് സ്വന്തം റിസ്‌കില്‍ എത്തണമെന്ന് എംബസികള്‍ ആവശ്യപ്പെട്ടെന്നാണ് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ എംബസി നിര്‍ദേശിച്ച പ്രകാരം ഷെല്‍ട്ടറുകളിലെത്തിയിട്ടും എംബസികള്‍ തങ്ങളെ കൈയൊഴിയുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എംബസിയുടെ ട്രക്കുകള്‍ പാതിവഴിയില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള ചില സംശയങ്ങളും യുക്രൈനില്‍ നിന്നും ചില മലയാളി വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറുമായി പങ്കുവെച്ചു.
എംബസികള്‍ പറഞ്ഞ ഷെല്‍ട്ടറുകളിലേക്കെത്താന്‍ എട്ട് മണിക്കൂറിലേറെ നടന്നെന്നും ഇനി നടന്നാല്‍ തങ്ങള്‍ മരിച്ചുപോകുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. എംബസി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ തീരെ സുരക്ഷിതമല്ലെന്ന ഗുരുതരമായ ആരോപണങ്ങളും ചില വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. പോളണ്ട് അതിര്‍ത്തി കടത്തിവിടാന്‍ എംബസി നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ തങ്ങള്‍ക്ക് യുക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എല്ലാവരും ആശങ്കയിലാണെന്ന് ചൂണ്ടിക്കാട്ടി വൈകാരികമായാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്.
Read Also : യുക്രൈനിൽ അക്രമം വ്യാപിപ്പിക്കാൻ സൈനികർക്ക് നിർദേശം നൽകി റഷ്യ; കീവിൽ കർഫ്യൂ
എംബസിയുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി പരസ്യമാക്കി യുക്രൈനിലെ ഇന്ത്യന്‍ എംബസിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കല്‍ സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും അതിനാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സ്വന്തം ഉത്തരവാദിത്തത്തില്‍ കിഴക്കന്‍ യുക്രൈന്‍ വഴി രക്ഷപ്പെട്ടോളൂ എന്ന എംബസിയുടെ നിലപാട് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ആക്രമണ ഭീതിയില്‍ പല റോഡുകളും അടച്ച അവസ്ഥയിലാണ്. അതിര്‍ത്തികളിലേക്കുള്ള യാത്ര വളരെ ശ്രമകരമാണെന്നാണ് യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. പാസ്‌പോര്‍ട്ട് സദാ കൈവശം വെയ്ക്കണമെന്നും വാഹനങ്ങളില്‍ ദേശീയ പതാക വെക്കണമെന്നുമാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള ആദ്യ രക്ഷാ ദൗത്യവിമാനം ഇന്ത്യയിലെത്തി. 27 മലയാളികള്‍ ഉള്‍പ്പെടെ 219 യാത്രക്കാരെ വഹിച്ചാണ് എയര്‍ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയര്‍പോര്‍ട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്.
ഇത് കൂടാതെ ഇന്ന് ഉച്ചയ്ക്ക് 11.45 ന് ഡല്‍ഹിയില്‍ നിന്നും ബുക്കാറെസ്റ്റിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഈ വിമാനം ഇന്ന് രാത്രിയോടു കൂടി തന്നെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈനിലെ സ്ഥിതി ഗതികള്‍ രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കില്‍ മറ്റു വിമാനത്താവളങ്ങളിലേക്കു കൂടി വിമാനങ്ങള്‍ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.
Story Highlights: indian students in ukraine against embassy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here