Advertisement

വിപണിയില്‍ തുടര്‍ച്ചയായ നഷ്ടങ്ങളുടെ ദിനങ്ങള്‍ അവസാനിച്ചോ?; അടുത്ത ആഴ്ചയിലേക്കുള്ള പ്രതീക്ഷകള്‍ ഇങ്ങനെ

February 26, 2022
1 minute Read

യുക്രൈന്‍ പിടിച്ചടക്കാനുള്ള റഷ്യന്‍ അധിനിവേശം തന്നെയാണ് കഴിഞ്ഞ വ്യാപാര ആഴ്ച വിപണിയില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായ ഏഴ് ദിവസങ്ങളിലും സൂചികകള്‍ തകര്‍ന്നടിഞ്ഞെങ്കിലും പിന്നീട് വ്യാപാര ആഴ്ചയുടെ അവസാന ദിവസം നഷ്ടങ്ങള്‍ വിപണി കണക്കുപറഞ്ഞ് തിരിച്ചെടുക്കുന്ന കാഴ്ചയാണ് നിക്ഷേപകര്‍ കണ്ടത്. യുദ്ധം കൂടുതല്‍ സങ്കീര്‍ണമാകുകയും പ്രവചനാതീതമാകുകയും ചെയ്യുമ്പോള്‍ തിരിച്ചുപിടിക്കലിന്റെ ഈ ആവേശം അടുത്ത ആഴ്ചയും തുടരുമോ എന്ന സംശയത്തിലാണ് നിക്ഷേപകര്‍.

നിഫ്റ്റിയില്‍ കഴിഞ്ഞ ആഴ്ച 6 ശതമാനം നഷ്ടം തുടര്‍ന്നിരുന്ന ഘട്ടത്തില്‍ വെള്ളിയാഴ്ച അപ്രതീക്ഷിത നേട്ടമുണ്ടായപ്പോള്‍ നഷ്ടം 3.5 ശതമാനമായി കുറയുകയായിരുന്നു. വ്യാപാര ആഴ്ച നഷ്ടത്തില്‍ നിന്ന് ആരംഭിക്കുന്ന വിപണിയില്‍ അടുത്ത ആഴ്ച അത്ഭുതകരമായ നേട്ടമൊന്നും ഉണ്ടാകാനിടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിപണിയില്‍ അനിശ്ചിതത്വം കുറച്ച് ദിവസങ്ങള്‍ കൂടി തുടരും. ക്രൂഡ് ഓയില്‍ വിലയും വലിയ രീതിയില്‍ കുറയാന്‍ സാധ്യതയില്ല. ഒറ്റ ദിവസത്തെ നേട്ടം കണ്ട് അമിത ആവേശത്തിലാകരുതെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.

വിപണിയില്‍ ഇപ്പോള്‍ ബോണ്ടുകളെ ആശ്രയിക്കാനുള്ള അനുകൂല കാലാവസ്ഥയല്ല നിലനില്‍ക്കുന്നതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സ്ഥിരവരുമാനം എന്നത് മുന്‍നിര്‍ത്തി സമീപിക്കാതെ ബാര്‍ഗെയിന്‍ ബയിംഗ് ക്വാളിറ്റി കമ്പനികളില്‍ ഈ സമയത്ത് നിക്ഷേപിക്കാനാണ് ഉപദേശം. ബ്ലൂ ചിപ് സ്റ്റോക്കുകള്‍ ഉള്‍പ്പെടെ വാങ്ങാന്‍ ഈ സമയം ഉചിതമാണെന്നാണ് വിലയിരുത്തല്‍. സോളിഡ് ബാലന്‍സ് ഷീറ്റുള്ള കമ്പനികളില്‍ വേണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍.

ഇക്വിറ്റികളിലേക്കുള്ള ആഭ്യന്തര നിക്ഷേപത്തിന് അനുയോജ്യമായ കാലയളവായിരിക്കും ഇതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഡീ മാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും സിപിലേക്കുള്ള പ്രതിമാസ നിക്ഷേപം ഉയരുന്നതും പ്രതീക്ഷ നല്‍കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതീക്ഷയ്ക്ക് ബലമേറുന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ത്യന്‍ വിപണികളെ ദീര്‍ഘകാലത്തേക്ക് ബാധിക്കാനിടയില്ലെന്നാണ് ചരിത്രത്തിലെ മറ്റ് സംഘര്‍ഷങ്ങളുടേയും യുദ്ധങ്ങളുടേയും മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്. യുദ്ധം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ കുറച്ച് ദിവസങ്ങള്‍ സൂചികകള്‍ കൂപ്പുകുത്തിയാലും വരും ദിവസങ്ങളില്‍ വളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കാനാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

Story Highlights: stock market next week amid war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top