റൊമാനിയൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ യുക്രേനിയൻ വിരുന്നുകാരൻ…

യുദ്ധഭൂമിയിൽ അകപ്പെട്ടു പോയ മനുഷ്യരെ പോലെ തന്നെ നിസ്സഹായരാണ് മൃഗങ്ങളും. രക്ഷനേടാൻ ഒരിടമില്ലാതെ ആ ഭൂമിയിൽ അവർ ഒറ്റപെട്ടുപോകും. കൂട്ടത്തോടെ പലായനം ചെയ്യുന്നതിനിടയ്ക്ക് തങ്ങളുടെ പ്രിയപ്പെട്ട അരുമകളെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് മനുഷ്യർക്കും. യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും ഇത്തരം നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവനും കൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കേണ്ടി വന്നവരും തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ കൂടാതെ സംഘർഷ മേഖല വിടാൻ വിസമ്മതിച്ചവരുടെയുമെല്ലാം വാർത്തകൾ നമ്മൾ കേട്ടറിഞ്ഞു.
യുദ്ധഭൂമിയിൽ നിന്ന് ലക്ഷകണക്കിന് ആളുകളാണ് വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. അങ്ങനെ ഇന്ത്യയിലേക്ക് എത്തിയ ഒരു വിരുന്നുകാരനെ പരിചയപ്പെടാം. റൊമാനിയൻ അതിർത്തിയും കടന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ലോക്കി എന്ന പൂച്ചക്കുട്ടി ഒടുവിൽ ഇന്ത്യയിലെത്തി. സർവ്വതും നഷ്ടപെടുന്ന യുദ്ധഭൂമിയിൽ ലോകിയെ കയ്യൊഴിയാതെ പത്തനംതിട്ട സ്വദേശി അഞ്ജുവാണ് സ്വന്തം പൂച്ചക്കുട്ടിയെ നാട്ടിലെത്തിച്ചത്.
യാത്ര മദ്ധ്യേ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല എന്നും വ്യോമസേനയുടെ സഹായത്തോടെ തിരിച്ചെത്തി എന്നും അഞ്ജു പറഞ്ഞു. ലോകിയുടെ യാത്രയും സുഖമായിരുന്നു. പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. തിരിച്ചു വരുമ്പോൾ കുറച്ച് ബുക്സ് ഉപേക്ഷിക്കേണ്ടി വന്നു എന്നും എന്നാൽ ലോകിയെ ഉപേക്ഷിക്കാൻ താൻ തയ്യാറല്ല എന്നും അഞ്ജു കൂട്ടിച്ചേർത്തു. ലോകിയെ ഒപ്പം കൂട്ടാൻ സാധിച്ചതിൽ താൻ വളരെയധികം സന്തോഷവതിയാണ്.
നിരവധി പേരാണ് യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് കൂട്ടപലായനം ചെയ്യുന്നത്. ജീവനും ജീവിതവും സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഹൃദയം ഉലയ്ക്കുന്ന കാഴ്ചകൾക്കിടയിൽ ഇത്തരം സംഭവങ്ങൾ നമുക്ക് നൽകുന്നത് പ്രതീക്ഷയാണ്. നല്ലൊരു നാളെയെ കുറിച്ച് സങ്കടഘട്ടത്തിലും സഹജീവിയെ ചേർത്തുപിടിക്കാനുള്ള മനസും വളരെ വലുതാണ്.
Story Highlights: Ukrainian guest crosses Romanian border to India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here