യുക്രൈനിലെ സേപ്പരോസിയ ആണവനിലയത്തില്‍ പ്രവേശിച്ച് റഷ്യന്‍ സൈന്യം

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സേപ്പരോസിയ ആണവനിലയത്തില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതായി ആരോപിച്ച് യുക്രൈന്. തെക്കുകിഴക്കന്‍ യുക്രൈനില്‍ സ്ഥിതിചെയ്യുന്ന ആണവനിലയത്തിന് സമീപം റഷ്യന്‍ ടാങ്കുകള്‍ പ്രവേശിച്ചതായാണ് യുക്രൈന്റെ ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പത്ത് ആണവനിലയങ്ങളില്‍ ഒന്നാണ് എനര്‍ഹോദറിലെ സേപ്പരോസിയ ആണവനിലയം.
റഷ്യന്‍ സൈന്യവുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടതായി യുക്രൈന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേപ്പരോസിയ ആണവനിലയം ലക്ഷ്യമിട്ട് വലിയ സൈനിക നീക്കം റഷ്യ നടത്തുന്നതായി യുക്രൈന് തന്നെ പറയുന്നത്.
അതേസമയം യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായി. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്. ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി.
വെടിനിര്‍ത്തല്‍ സംബന്ധിച്ചും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങളൊന്നും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞില്ല എന്നത് ലോകത്തിനാകെ നിരാശയുണ്ടാക്കി. വെടിനിര്‍ത്തലുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ല. രണ്ടാംവട്ട ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടായിട്ടില്ലെന്നും യുക്രൈന് പ്രതിനിധി പറയഞ്ഞു. ഇനി ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
Story Highlights: russian troop entered Zaporizhzhia nuclear power plant says ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here