ഓപറേഷൻ ഗംഗ; ഇന്ന് കേരളത്തിലെത്തിയത് 350 മലയാളികളെന്ന് മുഖ്യമന്ത്രി

യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളടക്കമുള്ളവരെ നാട്ടിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 350 പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡൽഹിയിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ചാർട്ടേഡ് വിമാനം ഇന്ന് പുലർച്ചെ ഒന്നിന് കൊച്ചിയിൽ എത്തി. ഇതിൽ 153 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന് ഡൽഹിയിൽ നിന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് 175 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയിൽ എത്തി. രണ്ടാമത്തെ ചാർട്ടേഡ് വിമാനം രാത്രി 9:30ന് 175 യാത്രക്കാരുമായി കൊച്ചിയിലെത്തി. മൂന്നാമത്തെ വിമാനം 180 യാത്രക്കാരുമായി ഡൽഹിയിൽ നിന്നും പുറപ്പെട്ടു.
മുംബൈ വഴി ഇന്ന് ഇതുവരെ 40 മലയാളി വിദ്യാർത്ഥികളാണ് നാട്ടിലെത്തിയിട്ടുള്ളത്. ഇവരെ മുംബൈ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. അഞ്ച് വിദ്യാർത്ഥികൾ രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്ത് എത്തി. 22 പേർ രാത്രി 11.40ന് കൊച്ചിയിൽ എത്തും. അഞ്ച് പേർ രാത്രി 12.30ന് കണ്ണൂരിലും ഏഴു പേർ നാളെ രാവിലെ 7.25ന് കോഴിക്കോടും എത്തും. ഒരാൾ ഷാർജയിലുള്ള മാതാപിതാക്കളുടെയടുത്തേക്കു പോയി.
Read Also : ഉക്രൈനിലെ വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി
യുക്രെയ്‌നിൽ നിന്നുള്ള രക്ഷാദൗത്യം ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചതിന് ശേഷം ഇതുവരെ 1,420 പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനായി മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലും ഇരുസ്ഥലങ്ങളിലെയും കേരള ഹൗസുകളിലും സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: Operation Ganga: CM Pinarayi vijayan says 350 Malayalees arrived Kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here