വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതി; സംവിധായകൻ ലിജു കൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചതായി ലിജു കൃഷ്ണൻ സമ്മതിച്ചിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് ലിജു കൃഷ്ണനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിൽ എടുത്തത്.
നിവിൻ പോളിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു. പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കണ്ണൂരിലെത്തിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്.
മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഏറെ നാൾ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. സണ്ണി വെയ്ൻ, ഷമ്മി തിലകൻ, അതിഥി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ ലിജു കൃഷണയും സണ്ണി വെയ്നും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ തുടർചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.
Story Highlights: rape case arrest liju krishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here