പാലക്കാട് മാത്രമല്ല, പുറത്തും പ്രസിദ്ധമാണ് ഈ രുചി; എൺപത്തിയാറാം വയസ്സിലും അച്ചാറ് ഉണ്ടാക്കി ഉപജീവനം നടത്തുന്ന പൊന്നുമാമി…

ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന, നമുക്ക് പ്രചോദനമാകുന്ന, നമ്മളിലെ കൗതുകത്തെ ഉണർത്തുന്ന നിരവധി വനിതകളെ കാണാം. പ്രായമോ സാഹചര്യങ്ങളോ ഒന്നും കാര്യമാക്കാതെ അവർ മുന്നേറുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവുമല്ലാതെ മറ്റെന്തു തോന്നാൻ… ഇനി പരിചയപ്പെടുത്തുന്നത് ഒരു എണ്പത്തിയാറുകാരിയെ ആണ്. അങ്ങ് കൽപ്പാത്തിയുടെ മണ്ണിൽ വളരെ പ്രസിദ്ധമാണ് ഈ എണ്പത്തിയാറുകാരിയും അവരുടെ രുചിക്കൂട്ടും…
കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രം. അതിനടുത്തായുള്ള അഗ്രഹാരം. അവിടുത്തെ അഗ്രഹാര തെരുവിൽ ഒരു വീട്ടിൽ മാമിയുണ്ട്. പേര് പൊന്നു മാമി. ഈ പ്രായത്തിൽ അച്ചാറുണ്ടാക്കി വിൽപന നടത്തി ഉപജീവനം നടത്തുകയാണ് പൊന്നുമാമി. ഈ മുത്തശ്ശിയുടെ രുചിവൈവിധ്യ പെരുമ പാലക്കാടൻ മണ്ണിൽ പാട്ടാണ്. മാമിയുടെ അച്ചാറിന്റെ പ്രസിദ്ധി കേട്ടറിഞ്ഞ് ഇങ്ങോട്ടെത്തുന്നത് നിരവധി പേരാണ്. അതുകൊണ്ട് ആളുകൾക്കിടയിൽ നിരവധി പേരിലാണ് മാമി അറിയപ്പെടുന്നത്. അച്ചാറ് മാമി, ഉറുഗായ് മാമി എന്നൊക്കെയാണ് മാമിയുടെ വിളിപ്പേര്. മുത്തശ്ശിയുടെ അച്ചാറിൻ്റെയും കൊണ്ടാട്ടത്തിൻ്റെയും രുചിപെരുമ പാലക്കാടിൻ്റെ അകത്ത് മാത്രമല്ല, പുറത്തേക്കും നീണ്ടിട്ടുണ്ട്.
Read Also : അനാവശ്യ വിധിപറച്ചിലുകള്‍ അരുത്; അവഗണിക്കപ്പെടേണ്ടതല്ല സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങള്‍
സീസൺ വരുമ്പോഴെ മാങ്ങ കിട്ടുകയുള്ളു. അപ്പോൾ തന്നെ എല്ലായിടത്തു നിന്നും നല്ലയിനം മാങ്ങ വാങ്ങി ശേഖരിച്ച് വെക്കും. ആദ്യം വളരെ കുറച്ച് ആളുകൾക്കായിരുന്നു അച്ചാറ് ഉണ്ടാക്കി കൊടുത്തിരുന്നത്. പിന്നീട് ആളുകൾ വീണ്ടും വീണ്ടും തേടിയെത്താൻ തുടങ്ങിയതോടെ പൊന്നുമാമിക്കും ആവേശമായി. അങ്ങനെയാണ് ആളുകളുടെ അച്ചാറ് മാമിയായി മാറിയത്. അച്ചാറ് കൂടാതെ അരി കൊണ്ടാട്ടം, അരി പപ്പടം, താമര വെത്തൽ, കയ്പ്പക്ക വെത്തൽ, ചുണ്ടയ്ക്ക വെത്തൽ എല്ലാം മാമിയുടെ കയ്യിലുണ്ട്. ഇവയെല്ലാം വാങ്ങി മോര് ഒഴിച്ച് ഉപ്പ് ഇട്ട് വെക്കും. നാല് ദിവസം കഴിഞ്ഞാൽ ഇവയെടുത്ത് ഉണക്കും. അങ്ങനെ ദിവസങ്ങളുടെ പ്രയത്നത്തിലാണ് അച്ചാറ് മുത്തശ്ശി ഈ രുചിക്കൂട്ട് ഉണ്ടാക്കുന്നത്.
അച്ചാറ് മാമിയും കൂട്ടരും ഇപ്പോഴും രുചിക്കൂട്ട് ഉണ്ടാക്കുന്ന തിരക്കിലാണ്. ഇനി പ്രസിദ്ധമാകട്ടെ പൊന്നുമാമിയുടെ ഈ അച്ചാറെന്ന് നമുക്ക് ആശംസിക്കാം…
Story Highlights: Story of Ponnumaami from palakkadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here