ദീപക് ചഹാർ ഏപ്രിൽ മധ്യം മുതൽ ഐപിഎൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്

പരുക്കേറ്റ് പുറത്തിരിക്കുന്ന ദീപക് ചഹാർ ഏപ്രിൽ മധ്യം മുതൽ ഐപിഎൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. 14 കോടി രൂപ മുടക്കി ചഹാറിനെ ടീമിലെത്തിച്ച ചെന്നൈ സൂപ്പർ കിംഗ്സിന് ഇത് ഏറെ ആശ്വാസം നൽകും. സീസൺ മുഴുവൻ ചഹാർ പുറത്തിരിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബിലിറ്റേഷനിലാണ് താരം.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിലാണ് താരത്തിനു പരുക്കേറ്റത്. ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പിന്നീട് ഐപിഎൽ തന്നെ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ വന്നു. തുടയിലാണ് ചഹാറിനു പരുക്കേറ്റിരിക്കുന്നത്.
അതേസമയം, ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫാഫ് ഡുപ്ലെസി വരുന്ന സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിരാട് കോലിക്ക് പകരക്കാരനായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനെയും ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെലിനെയും പരിഗണിച്ചിരുന്നെങ്കിലും ദേശീയ ടീമിനെ മുൻപ് നയിച്ചതും മത്സരപരിചയവും കാരണം ഫാഫിനു നറുക്ക് വീഴുകയായിരുന്നു.
ഇംഗ്ലണ്ട് താരം ജേസൻ റോയ്ക്ക് പകരം അഫ്ഗാനിസ്ഥാൻ്റെ വെടിക്കെട്ട് ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 20കാരനായ യുവതാരത്തെ പകരം ടീമിലെത്തിക്കാനുള്ള അനുമതിയ്ക്കായി ടൈറ്റൻസ് ബിസിസിഐയെ സമീപിച്ചിരിക്കുകയാണെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
Story Highlights: Deepak IPL April Chennai Super Kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here