പിന്നീട് കെല്ലി പറഞ്ഞത് പ്രചോദനത്തിന്റെ കഥയാണ്, കുറിച്ചതൊരു ചരിത്രവും; ക്യാൻസറിനെ പൊരുതി തോൽപ്പിച്ചവൾ…

കെല്ലി കാര്‍ട്ട്റൈറ്റ്, സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത പേരാണിത്. ജീവിതത്തിൽ തളർന്നു പോകുമ്പോൾ വീണ്ടും നിവർന്ന് നിൽക്കാൻ കെൽപ് പകരുന്ന ജീവിതകഥകളാണ് നമുക്ക് ചുറ്റുമുള്ളത്. കെല്ലി കാർട്ട് റൈറ്റും നമുക്ക് മുന്നിൽ വെക്കുന്നത് അതുപോലൊരു പ്രചോദനത്തിന്റെ കഥയാണ്.
1989 ഏപ്രില്‍ 22ന് ഓസ്ട്രേലിയയിലായിരുന്നു കെല്ലിയുടെ ജനനം. വളരെ സന്തോഷത്തോടെ ജീവിതം മുന്നേറുമ്പോഴാണ് അപ്രതീക്ഷിതമായി കെല്ലിയുടെ ജീവിതത്തിലേക്ക് കാൻസർ എന്ന വില്ലൻ എത്തുന്നത്. നല്ലൊരു നെറ്റ്ബോള്‍ കളിക്കാരിയായിരുന്ന കെല്ലിയുടെ കാലുകൾ ക്യാൻസർ എന്ന വില്ലൻ കവർന്നെടുത്തു. ഒരു കാൽ നഷ്ട്ടപെട്ട പതിനഞ്ചുകാരിയെ നോക്കി ചുറ്റുമുള്ളവരെല്ലാം സഹതപിക്കാൻ തുടങ്ങി. പക്ഷെ ഈ സഹതാപങ്ങളൊന്നും ഏറ്റുവാങ്ങാനോ അതിൽ തളരാനോ കെല്ലി തയ്യാറായില്ല. ജീവിക്കാൻ തീരുമാനിച്ച കെല്ലിയെ തടയാൻ നഷ്ടപെട്ട ആ കാലുകൾക്കും സാധിച്ചില്ല. ഉടനെ തന്നെ കൃതിമ കാൽ സ്വന്തമാക്കുകയും സ്പോർട്സിലേക്ക് തിരിച്ച് വരാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് കെല്ലി പറഞ്ഞത് പ്രചോദനത്തിന്റെ കഥയാണ്, കുറിച്ചതൊരു ചരിത്രവും.
കൃതിമ കാലുപയോഗിച്ച് നടക്കാൻ തുടങ്ങിയ കെല്ലി നെറ്റ്ബോളിലേക്ക് തനിക്കിനി തിരിച്ച വരാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. പിന്നീട് അവളുടെ ശ്രമം തനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചായിരുന്നു. അങ്ങനെ 100 മീറ്റര്‍ ഓട്ടത്തിലും ലോങ് ജമ്പിലുമെല്ലാം കെല്ലി പരിശീലനം ആരംഭിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആരംഭിച്ച കെല്ലി 2008ല്‍ ബെയ്ജിങ്ങില്‍ നടന്ന പാരാലിബിക്സ് മത്സരങ്ങളില്‍ പങ്കെടുക്കുകയും 100 മീറ്ററില്‍ ആറാമതായി ഫിനിഷ് ചെയ്യുകയും ചെയ്തു. 2011 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ലോക റെക്കോഡോടെ കെല്ലി ഒന്നാമതെത്തി. 2012ല്‍ ലണ്ടനില്‍ നടന്ന പാരാലിമ്പിക്സില്‍ ലോങ് ജമ്പില്‍ ഗോള്‍ഡ് മെഡലും 100 മീറ്ററില്‍ സില്‍വല്‍ മെഡലും കെല്ലിയുടെ പേരിലായി. 2012ല്‍ ഓസ്ട്രിയൻ ഗവണ്മെന്റ് ‘അത്ലറ്റ് ഓഫ് ദ ഇയര്‍’ ആയി തെരഞ്ഞെടുത്തതും കെല്ലിയെയായിരുന്നു. 2017 ലേയും 2018 ലേയും പാരാ പവര്‍ ലിഫ്റ്റിങ്ങിലെ ഓസ്ട്രേലിയന്‍ റെക്കോഡിലും കെല്ലി തന്റെ പേര് കുറിച്ചു. തകരാത്ത ആത്മവിശ്വാസവും തളരാത്ത മനസുമായി കെല്ലി പുതിയ നേട്ടങ്ങൾ കൊയ്തുകൊണ്ടേയിരുന്നു.
Read Also : ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…
സ്പോർട്സിൽ മാത്രമല്ല സാമൂഹിക പ്രവർത്തങ്ങളിലും കെല്ലി സജീവ സാന്നിധ്യമായി. ഓസ്ട്രേലിയയിലെ വിവിധ സാമൂഹിക പ്രവർത്തങ്ങളുടെ അംബാസഡർ കൂടെയാണ് കെല്ലി കാര്‍ട്ട്റൈറ്റ്. ഇതിനു പുറമെ മോട്ടിവേഷണൽ സ്പീക്കറായും മോഡലായും കെല്ലി തിളങ്ങി. കൂടാതെ ഒറ്റക്കാലില്‍ പർവതം കീഴടക്കിയ ആദ്യ ഓസ്ട്രേലിയന്‍ വനിതയും കെല്ലി ആയിരുന്നു. 2009 ൽ കിളിമഞ്ചാരോ പർവതമാണ് കെല്ലി കാൽചുവട്ടിലാക്കിയത്.’
ജീവിതത്തിൽ തളരാതെ മുന്നേറാൻ കെല്ലി പ്രചോദനവും പ്രതീക്ഷയുമാണ്. വിധിയെ പഴിക്കാതെ വിധിയിൽ തളരാതെ ജീവിതത്തിൽ മുന്നേറാൻ നമുക്ക് മുന്നിലെ പാഠപുസ്തകം കൂടെയാണ് കെല്ലി.
Story Highlights: life of paralympian kelly cartwright
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here