ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം മാർച്ച് 16ന് ആരംഭിക്കും; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം മാർച്ച്-16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ ആരംഭിക്കുന്നത്.
മാർച്ച് 18 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. പ്രതിനിധികൾക്ക് പേയ്‌മെന്റിനു മുൻപ് പ്രൊഫൈലിൽ മാറ്റം വരുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ടാഗോർ തീയറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്നും നേരിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുണ്ടന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.
പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 1000 രൂപാ വീതവും വിദ്യാർത്ഥികൾ 500 രൂപാ വീതവും അടച്ച് https://registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ട സഹായങ്ങൾക്കായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിശദ വിവരങ്ങൾ 8304881172 എന്ന മൊബൈൽ നമ്പറിലും helpdesk@iffk.in എന്ന ഇ-മെയിലിലും ലഭ്യമാണ്.
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങളാണ്. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി, അർജന്റീന , അസർബൈജാൻ, സ്പയിൻ തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. താരാ രാമാനുജം സംവിധാനം ചെയ്ത നിഷിദ്ധോ,കൃഷാന്ത് സംവിധാനം ചെയ്‌ത ആവാസ വ്യൂഹം എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങൾ .വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്ങൾ, ഐ ആം നോട്ട് ദി റിവർ ഝലവുമാണ് മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.
മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതാ സംവിധായകരാണ്. സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്,നതാലിഅൽവാരിസ് മീസെൻ സംവിധാനം ചെയ്ത ക്ലാരാ സോല,ക്രോയേഷ്യൻ ചിത്രം മ്യൂറീന,ദിന അമീർ സംവിധാനം ചെയ്ത യു റീസെമ്പിൾ മി,കമീലാ ആന്റിനിയുടെ യൂനി ,കോസ്റ്റ ബ്രാവ ലെബനൻ എന്നിവയാണ് മത്സര വിഭാഗത്തിലെ വനിതാ ചിത്രങ്ങൾ.
ഏഷ്യാ പസഫിക് സ്‌ക്രീൻ നോമിനേഷൻ നേടിയ അസർബൈജാൻ ചിത്രം സുഹ്‌റാ ആന്റ് ഹെർ സൺസും മത്സര വിഭാഗത്തിലുണ്ട് .ഇൽഗർ നജാഫ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ക്യാപ്റ്റൻ വോൾക്കോനോവ് എസ്‌കേപ്പ്ഡ്,ലെറ്റ് ഇറ്റ് ബി മോർണിംഗ് എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
Story Highlights: iffk-delegates-pass-distribution-from-march-16th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here