ഡിജിറ്റല്‍ ആസ്തി നയത്തില്‍ വ്യക്തതയില്ല; രാജ്യത്തുനിന്നും ക്രിപ്‌റ്റോ വിദഗ്ധരുടെ ഒഴുക്ക് തുടരുന്നു

ഇന്ത്യയില്‍നിന്നും ക്രിപ്‌റ്റോ രംഗത്തെ വിദഗ്ധരുടെ ഒഴുക്ക് തുടരുന്നതിനിടെ പ്രതികരണവുമായി രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ക്രിപ്‌റ്റോ സ്റ്റാര്‍ട്ട് അപ്പായ പോളിഗണ്‍. കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ആസ്തി നയത്തിലെ വ്യക്തതില്ലായ്മയാണ് ഈ രംഗത്തെ വിദഗ്ധര്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ കാരണമെന്ന് പോളിഗണ്‍ സഹസ്ഥാപകന്‍ സന്ദീപ് നെയില്‍വാള്‍ പറഞ്ഞു. കിപ്‌റ്റോ നിരോധനമില്ലെന്നും ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ടായിട്ടും ക്രിപ്‌റ്റോകറന്‍സി രംഗത്തെ അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നാണ് സന്ദീപ് നെയില്‍വാള്‍ ചൂണ്ടിക്കാട്ടുന്നത്. നയപരമായ ഈ പ്രതിസന്ധി മൂലമാണ് ഡിജിറ്റല്‍ ആസ്തി നിക്ഷേപകരും സംരഭകരും ടെക്‌നോളജി ഡെവലപ്പര്‍മാരും രാജ്യം വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് രാജ്യങ്ങളെല്ലാം ഡിജിറ്റല്‍ ആസ്തികള്‍ക്ക് അനുകൂലമായ നയരൂപീകരണം നടത്തുമ്പോഴും ഇന്ത്യ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുന്നത് വലിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് വിദഗ്ധരുടെ വാദം. ഡിജിറ്റല്‍ ആസ്തികളെ അംഗീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ ധനമന്ത്രി നിര്‍മലാ സീതാരാമനില്‍ നിന്നുമുണ്ടായെങ്കിലും റിസര്‍വ് ബാങ്ക് ക്രിപ്‌റ്റോ സൗഹൃദ സമീപനം സ്വീകരിക്കാത്തതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണം. ക്രിപ്‌റ്റോ വിഷയത്തില്‍ സര്‍ക്കാരിന്റെ യഥാര്‍ഥ നിലപാട് എന്തെന്ന് വ്യക്തമാകാത്ത പശ്ചാത്തലത്തിലാണ് രാജ്യത്തുനിന്നും ക്രിപ്‌റ്റോ വിദഗ്ധരുടെ ഒഴുക്ക് തുടരുന്നത്.
ക്രിപ്റ്റോ കറന്‍സി ഇന്ത്യന്‍ സമ്പദ് രംഗത്തിനും മാക്രോ എകണോമിക് ഭദ്രതയ്ക്കും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞിരുന്നു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കഴിവിനെ സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ പരിമിതപ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുയാണ് ആര്‍ ബി ഐ.
ബജറ്റില്‍ ഡിജിറ്റല്‍, വെര്‍ച്വല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരുന്നത്. നികുതി തുക ഉയര്‍ന്നതാണെങ്കിലും ഡിജിറ്റല്‍ ആസ്തി മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ഇതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ധനമന്ത്രി വ്യക്തമാക്കുകയായിരുന്നു.
Story Highlights: Crypto Brain Drain in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here