ഐ ലീഗിൽ ഗോകുലത്തിൻ്റെ ആറാട്ട്; കെങ്ക്രെ എഫ്‌സിയെ പരാജയപ്പെടുത്തി

ഐ ലീഗിൽ കെങ്ക്രെ എഫ്‌സിക്കെതിരെ ഗോകുലത്തിന് ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഗോകുലം കേരള എഫ് സി കെങ്ക്രെയെ വീഴ്ത്തിയത്. ഗോകുലത്തിന് വേണ്ടി ലൂക്കാ മജ്സെൻ ഹാട്രിക്ക് ഗോൾ നേടി. ജയത്തോടെ 10 പോയിന്റുമായി ഗോകുലം പട്ടികയിൽ ഒന്നാമതെത്തി.
മത്സരത്തിൻ്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗോകുലത്തിന്, മൂന്ന് മിനിറ്റിനുള്ളിൽ ആദ്യ ഗോൾ നേടാൻ കഴിഞ്ഞു. മൂന്നാം മിനിറ്റിൽ ലൂക്കാ മജ്സെനയിലൂടെയാണ് ഗോകുലം ലീഡ് നേടിയത്. തുടർച്ചയായി കെങ്ക്രെ എഫ്‌സി പോസ്റ്റിലേക്ക് നിറയൊഴിച്ച ഗോകുലം സ്‌ട്രൈക്കേഴ്‌സ് മത്സരത്തിൽ മേധാവിത്തം ഉറപ്പിച്ചു. പിന്നാലെ 16 ആം മിനിറ്റിൽ ജിതിൻ ഗോകുലത്തിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പ്രഹരത്തിൻ്റെ ചൂട് മാറും മുമ്പേ മൂന്നാം ഗോൾ എത്തി.
ഇത്തവണ താഹിർ സമാൻ്റെ വകയായിരുന്നു ഗോൾ. 18ആം മിനിറ്റിൽ താഹിർ കെങ്ക്രെ വലകുലുക്കി. പിന്നീട് കരുതലോടെ കളിച്ച കെങ്ക്രെ കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. ആദ്യപകുതിക്ക് പിരിയുമ്പോൾ ഗോകുലം 3 കെങ്ക്രെ 0. എന്നാൽ കെങ്ക്രെ പ്രതിരോധം തകർക്കാൻ ഗോകുലത്തിന് അധികസമയം വേണ്ടി വന്നില്ല. 47 ആം മിനിറ്റിൽ ലൂക്കാ തൻ്റെ രണ്ടാമത്തെ ഗോൾ കണ്ടെത്തി. ഒടുവിൽ 73 ആം മിനിറ്റിൽ അകെരാജ് മാർട്ടിൻസ് കെങ്ക്രെയ്ക്ക് ആശ്വാസ ഗോൾ നേടി കൊടുത്തു.
84ആം മിനിറ്റിൽ നേടിയ ഗോളോടെ ലൂക്കാ ഹാട്രിക്ക് പൂർത്തിയാക്കി. മുഹമ്മദ് ഉവൈസ് ഗോകുലത്തിന് ആറാം ഗോൾ നേടിക്കൊടുത്തു. എക്സ്ട്രാ ടൈമിൽ ലഭിച്ച അവസരത്തിൽ ലെസ്റ്റർ ഫെർണാണ്ടസ് കെങ്ക്രെയ്ക്ക് ഒരു ഗോൾ കൂടി സമ്മാനിച്ചു. അവസാന വിസിൽ മുഴങ്ങുമ്പോൾ ഗോകുലം 6 കെങ്ക്രെ 2. 3 ജയവും, 1 സമനിലയുമുള്ള ഗോകുലം പട്ടികയിൽ ഒന്നാമതാണ്.
Story Highlights: gokulam-fc-vs-kenkre-fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here