‘ഇപ്പോഴത്തെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി 23

കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി 23 നേതാക്കൾ. ഇപ്പോഴത്തെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ( g 23 criticism against congress leaders )
പുതിയ അധ്യക്ഷനെ കണ്ടെത്താൻ നീതിയുക്തമായ തെരഞ്ഞെടുപ്പ് വേണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ക്ഷണിച്ച് വരുത്തിയ തോൽവിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും കോൺഗ്രസിന്റെ തണൽ ജനങ്ങൽക്ക് നഷ്ടമാക്കിയ തോൽവിയാണ് ഉണ്ടായതെന്നും ജി 23 വിമർശിച്ചു. നോമിനേഷനിലൂടെ എത്തിയവർ പാർട്ടിയെ നശിപ്പിക്കുകയാണ്. ഈ രീതി അവസാനിപ്പിക്കണം. വിമർശനങ്ങളെ അസഹിഷ്ണുത കൊണ്ട് നേരിടുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
അതിനിടെ, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞ പശ്ചാത്തലത്തിൽ ഡൽഹിയിൽ പുരോഗമിക്കുന്ന പാർട്ടി പ്രവർത്തക സമിതി യോഗത്തിൽ സോണിയാ ഗാന്ധി സ്വയം വിമർശിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം വിശദമായി പരിശോധിക്കുമെന്ന് സോണിയാ ഗാന്ധി ഉറപ്പുപറഞ്ഞിട്ടുണ്ട്. കനത്ത തിരിച്ചടി പരിശോധിച്ച് തിരുത്തൽ നടപടി സ്വീകരിക്കും. കേരളത്തിൽ സ്വീകരിച്ചത് പോലുള്ള നടപടികൾ സ്വീകരിക്കാൻ ഒരുക്കമാണെന്നും കോൺഗ്രസ് അധ്യക്ഷ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. ഒറ്റക്കെട്ടായി നിൽക്കണമെന്നും സോണിയാ ഗാന്ധി ഓർമിപ്പിച്ചു.
കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്ലീനറി സെഷനിലാകും നടക്കുക. എഐസിസി പ്ലീനറി സെഷൻ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാകും നടക്കുകയെന്നും ആമുഖ പ്രസംഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.
നേത്വത്തിനെതിരെ ഉയർന്ന പരസ്യവിമർശനങ്ങൾ തെറ്റെന്ന നിലപാടാണ് സോണിയാ ഗാന്ധി സ്വീകരിച്ചത്. പരാജയത്തിൽ വിമർശനം ഉന്നയിക്കുന്നവർ ഇതിൽ സ്വന്തം വീഴ്ചകൾ കൂടി പരിശോധിക്കണം. പാർട്ടിയുടെ താത്പര്യങ്ങൾ പരിഗണിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഒരു സ്ഥിരം അധ്യക്ഷൻ പാർട്ടിക്കുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സോണിയ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ വ്യക്തമാക്കി.
നിർണായക കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നെഹ്‌റു കുടുംബത്തിന് അനുകൂലമായി ജാർഖണ്ഡ് കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നെഹ്‌റു കുടുംബം അനുവാര്യമെന്നാണ് പ്രമേയം. പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ നിന്നും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിവെക്കുമെന്ന് മുൻപ് സൂചനയുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃസ്ഥാനത്തുനിന്നും നെഹ്‌റു കുടുംബം മാറിനിൽക്കാൻ സാധ്യതയില്ല.
Story Highlights: g 23 criticism against congress leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here