പുതിയ അധ്യക്ഷനായി ഉറച്ച നിലപാടില്‍ ജി-23 നേതാക്കള്‍; ശശി തരൂരിനേയോ മുകുള്‍ വാസ്‌നിക്കിനേയോ നിര്‍ദേശിച്ചേക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ വൈകീട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെ ജി-23 നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനുവേണ്ടി വാദിച്ചേക്കും.
കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജി-23 നേതാക്കള്‍. അധ്യക്ഷ പദവി ഒഴിയാന്‍ സോണിയാ ഗാന്ധി തയാറായാല്‍ എതിര്‍ക്കേണ്ടെന്നാണ് ജി 23 നേതാക്കളുടെ തീരുമാനം. ശശി തരൂരിനെയോ മുകുള്‍ വാസ്‌നിക്കിനെയോ അധ്യക്ഷനായി നിര്‍ദേശിക്കുമെന്ന് സൂചനയുണ്ട്.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ സോണിയ ഗാന്ധി അധ്യക്ഷയായ സമയത്തുണ്ടായിരുന്ന പ്രവര്‍ത്തന രീതിയാണ് ജി-23 നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയുടെ നന്മയാണ് ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ പാര്‍ട്ടിയുടെ ശത്രുക്കളല്ലെന്നുമാണ് ഈ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയ നേതൃത്വത്തിന്റെ വീഴ്ചയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് ജി 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുന്നയിക്കാനാണ് സാധ്യത. അടിയന്തരമായി ദേശീയ നേതൃത്വം പുനസംഘടിപ്പിക്കണമെന്നും ജി 23 നേതാക്കള്‍ ആവശ്യപ്പെടും.ഗാന്ധി കുടുംബത്തിനെതിരെ പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനമുണ്ടായാല്‍ താത്ക്കാലിക അധ്യക്ഷ പദവി സോണിയാ ഗാന്ധി ഒഴിയുമെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിയങ്കാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചേക്കും.
ഇന്ന് വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തക സമിതി പ്രധാനമായും വിലയിരുത്തുക.
അതേസമയം നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ നിര്‍ദ്ദേശം കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം തള്ളിയിരുന്നു. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട സാഹചര്യമില്ല. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തങ്ങള്‍ക്കല്ല. സംഘടനാ വിഭാഗത്തില്‍ നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികള്‍ക്കായിരുന്നു എന്നാണ് കെസി വേണുഗോപാലിന്റെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് സംഘടനാ വിഭാഗം പറയുന്നത്.
Story Highlights: g-23 leaders may push for new president congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here