ആഫ്രിക്കൻ ക്രിക്കറ്റ് ചെയർമാനായി മലയാളി പൊൻതിളക്കം; നയിക്കാൻ ഇനി സുമോദ് ദാമോദർ…

ആഫ്രിക്കയുടെ ക്രിക്കറ്റ് ചെയർമാനായി പട്ടാമ്പി സ്വദേശി. ആഫ്രിക്കൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതിയായ ആഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) ചെയർമാൻ സ്ഥാനത്തേക്കാണ് മലയാളി നായകൻ എത്തുന്നത്. പട്ടാമ്പി സ്വദേശി സുമോദ് ദാമോദരാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഈ വരുന്ന 26 ന് നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സുമോദ് ദാമോദർ സ്ഥാനം ഏറ്റെടുക്കും. എസിഎയുടെ ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് സുമോദിനെ തെരെഞ്ഞെടുത്തത്. നിലവിൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ വൈസ് ചെയർമാനും ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് സുമോദ്. 2 വർഷത്തെ കാലാവധിയിലേക്കാണ് തിരഞ്ഞെടുപ്പ്. കെനിയയിൽ ഇപ്പോഴത്തെ എസിഎ ചെയർപേഴ്‌സൺ ജാക്കി ജാൻമൊഹമ്മദ് ആണ്.
ബോട്സ്വാന ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന സുമോദ്, ബോട്സ്വാനയിൽ നിന്ന് ഒരു രാജ്യാന്തര കായിക സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ആളാണ്. 1998 മുതൽ ബോട്ട്‌സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ഓഫ് ഫിക്‌സ്‌ചേഴ്‌സ് ആന്റ് പബ്ലിസിറ്റിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ, 11 വർഷത്തോളം തുടർച്ചയായി (1999 മുതൽ 2010 വരെ) ഗബൊറോൺ ക്രിക്കറ്റ് ക്ലബ് ചെയർമാനായും പ്രവർത്തിച്ചു. 2003 ൽ ആഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷന്റെ ഫിനാൻസ് ഡയറക്ടറായി അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. അതേ വർഷം തന്നെ ബാർലോവേൾഡ് -ബിഎൻഎസ്‌സി സ്‌പോർട്ട് അവാർഡിന്റെ ‘നോൺ സിറ്റിസൺ സ്‌പോർട്ട്‌സ് അവാർഡ്’ ലഭിച്ചിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ആഫ്രോ വേൾഡ് ഗ്രൂപ്പ് എംഡി കൂടിയാണ് സുമോദ്. മൂന്നു പതിറ്റാണ്ടായി ബോട്സ്വാനയിലാണ് സുമോദ്. ഇപ്പോൾ എസിഎയിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, കെനിയ തുടങ്ങിയ ഇരുപത്തിരണ്ട് രാജ്യങ്ങളാണ് ഉള്ളത്. ഇതിലേക്ക് കൂടുതൽ രാജ്യങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യം ഇതിനായി ഉപയോഗപെടുത്തുമെന്നും സുമോദ് പറയുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മാതൃകയാക്കി ആഫ്രിക്കൻ ക്രിക്കറ്റ് കൗൺസിലിന്റെയും വികസനത്തിന് ശ്രമിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ രാജ്യങ്ങൾക്ക് ഐസിസി അംഗത്വം കിട്ടാനുള്ള പ്രവർത്തനങ്ങളും സജീവമാക്കും.
ചങ്ങനാശ്ശേരി സ്വദേശിയും മന്നത്ത് പത്മനാഭൻ്റെ ചെറുമകളുമായ ലക്ഷ്മി മോഹൻ ആണ് സുമോദിന്റെ ഭാര്യ. സിദ്ധാർഥ് ദാമോദർ, ചന്ദ്രശേഖർ ദാമോദർ എന്നിവരാണ് മക്കൾ.
Story Highlights: malayalee-to-head-african-cricket-board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here