Advertisement

പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍

March 14, 2022
1 minute Read

ആറ്റിങ്ങലില്‍ പെണ്‍കുട്ടിയോട് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍. നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനുപുറമേ കോടതി ചെലവായി 25000 രൂപ കെട്ടിവെക്കണമെന്നും കോടതി പറഞ്ഞിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത എന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്തത്. തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൊടുത്തെന്ന് ആരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനില്‍ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.

ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയാറായിരുന്നില്ല. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

Story Highlights: pink police compensation govt appeal high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top