Advertisement

ഹിജാബ് വിധി ദൗർഭാഗ്യകരം; നിശിത വിമർശനവുമായി മുസ്ലിം ലീഗ്

March 15, 2022
2 minutes Read

ഹിജാബ് വിധി ദൗർഭാഗ്യകരമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത്തരം വിധികൾ നഷ്ടപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് വിധി നിർഭാഗ്യകരവും വേദനാജനകവുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും അഭിപ്രായപ്പെട്ടു. കോടതി വിധി ഇസ്ലാം മതവിശ്വാസ പ്രമാണത്തെ ഹനിക്കുന്നതാണ്. മേൽക്കോടതിയിൽ നിന്ന് നീതിപൂർവകമായ വിധി പ്രതീക്ഷിക്കുന്നതായി അബൂബക്കർ മുസ്‌ലിയാർ പ്രതികരിച്ചു.

കോളജുകളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയും പ്രതികരിച്ചു. ഹിജാബ് ഇസ്‌ലാമിലെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ച് തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് മുസ്‌ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശമാണെന്നും കർണാടക ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നും തങ്ങൾ പറഞ്ഞു.

ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ് ഹൈക്കോടതി ചെയ്തത്. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് വിധി.

Read Also : ഹിജാബിനായി പോരാട്ടം; വിദ്യാർത്ഥികൾ സുപ്രിംകോടതിയിലേക്ക്

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. അതേസമയം ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഉഡുപ്പി കോളജ് വിദ്യാർത്ഥികൾ അറിയിച്ചു.

Story Highlights: Hijab verdict ; Muslim League with sharp criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top