Advertisement

പൂരക്കളി കലാകാരന് ക്ഷേത്രത്തില്‍ ജാതി വിലക്ക്; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

March 15, 2022
2 minutes Read

മകന്‍ ഇതരമതസ്ഥയെ വിവാഹം കഴിച്ചതിന് കണ്ണൂരില്‍ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി തീരുമാനത്തിനെതിരേ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കരിവെള്ളൂരില്‍ ഡിവൈഎഫ്‌ഐ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

കരിവെള്ളൂര്‍ സ്വദേശി വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്രക്കമ്മിറ്റി പൂരക്കളിയില്‍ നിന്ന് വിലക്കിയത്. ആചാരത്തിന് കളങ്കം വരുന്നതിനാലാണ് തീരുമാനമെന്നും മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നുമാണ് കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രക്കമ്മിറ്റിയുടെ നിലപാട്.

പൂരക്കളിയുടെയും മറത്തുകളിയുടെയും പ്രധാന കേന്ദ്രമാണ് കണ്ണൂരിലെ കരിവെള്ളൂര്‍. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി മേഖലയില്‍ ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കര്‍. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുമ്പേ സമുദായ സംഘം പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിക്കും മറത്തുകളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.

Read Also : കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ മരുമകളുടെ ജാതി പ്രശ്നം; പൂരക്കളി കലാകാരന് ക്ഷേത്ര വിലക്ക്

ഇതിനിടെയാണ് വിനോദിന്റെ മകന്‍ ഇതരമതസ്ഥയെ വിവാഹം കഴിച്ചത്. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ നിന്നും ചടങ്ങുകള്‍ക്കായി വിനോദിനെ ആചാരപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ നിലപാട്. മറ്റൊരു വീട്ടിലേക്ക് മാറി ചടങ്ങു നടത്തിയാല്‍ പങ്കെടുപ്പിക്കാമെന്ന് വ്യവസ്ഥവച്ചെങ്കിലും വിനോദ് വഴങ്ങിയില്ല.

സിപിഐഎം ശക്തികേന്ദ്രമായ ഇവിടെ, വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലം ഉണ്ടായില്ലെന്നും വിമര്‍ശനമുണ്ട്. സമരപോരാട്ടങ്ങളുടെ ചരിത്ര ഭൂമികയും ഇടതു കോട്ടയുമായ കരിവെള്ളൂരിലെ വിലക്ക് ഇതിനകം ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.

Story Highlights: Poorakali artist banned from temple DYFI in protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top