ഐപിഎൽ കമന്ററി പാനലിൽ രവി ശാസ്ത്രിയും സുരേഷ് റെയ്നയും ഉണ്ടാവുമെന്ന് റിപ്പോർട്ട്

വരുന്ന സീസണിൽ ഐപിഎൽ കമൻ്ററി പാനലിൽ മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്നയും ഉണ്ടാവുമെന്ന് റിപ്പോർട്ട്. ഇരുവരും ഹിന്ദി കമൻ്ററി പാനലിലാവും ഉണ്ടാവുക. ഇതുവരെ ഇംഗ്ലീഷിലാണ് രവി ശാസ്ത്രി കമൻ്ററി പറഞ്ഞിരുന്നത്. റെയ്ന ആവട്ടെ, ഇത് ആദ്യമായാണ് കമൻ്ററി പാനലിൽ ഉൾപ്പെടുക.
ഐപിഎലിൽ നിയമപരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടീമിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ സ്ട്രൈക്കർ എൻഡിൽ കളിക്കുമെന്നതും പുതിയ പരിഷ്കാരങ്ങളിൽ പെടുന്നു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളി മാറ്റിവെക്കാൻ 12 പേരിൽ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരിൽ 7 പേരെങ്കിലും ഇന്ത്യൻ താരങ്ങളാവണം. കളി മാറ്റിവെക്കാൻ പറ്റുമെങ്കിൽ മാറ്റിവെക്കും. അതിനു സാധിച്ചില്ലെങ്കിൽ തീരുമാനം ഐപിഎൽ ടെക്നിക്കൽ കമ്മറ്റിയുടേതാവും. പ്ലേ ഓഫിൽ സൂപ്പർ ഓവറിലും കളി തീർപ്പായില്ലെങ്കിൽ ലീഗ് ഘട്ടത്തിൽ ഉയർന്ന പൊസിഷനിൽ ഫിനിഷ് ചെയ്ത ടീമിനെ വിജയികളാക്കി പ്രഖ്യാപിക്കും.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദിലാവും.
Story Highlights: ipl commentary suresh raina ravi shastri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here