ആയുസ് 40 വയസ്; 70-ാം വയസിലും അമ്മയായി ലോകത്തിലെ ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി

സാധാരണ നിലയില്‍ 40 വര്‍ഷം മാത്രം ആയുസുള്ള കടല്‍പക്ഷിയാണ് ആല്‍ബട്രോസ്. എന്നാല്‍ 70 വര്‍ഷത്തോളം ജീവിക്കുകയും 40 തോളം കുഞ്ഞുങ്ങളുടെ അമ്മയുമാണ് ആല്‍ബട്രോസുകളിലെ മുത്തശിയായ വിസ്ഡം. ഏറ്റവും അവസാനം തന്റെ 70 -ാം വയസിലും കുഞ്ഞിന് ജന്മം നല്‍കി ജന്തുശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിസ്ഡം.
ലോകത്തിലെ ഏറ്റവും പ്രായമേറിയ കടല്‍പ്പക്ഷിയെന്നാണ് വിസ്ഡത്തെ വിശേഷിപ്പിക്കുന്നത്. 70-ാം വയസിലും അമ്മയായതോടെയാണ് ഈ പക്ഷി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പുതുതായി മുട്ട വിരിഞ്ഞുണ്ടായത് ഈ പക്ഷിയുടെ നാല്‍പതാമത്തെ കുഞ്ഞാണ്. ഹവായിക്ക് സമീപമുള്ള മിഡ്വേ അറ്റോള്‍ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തിലാണ് വിസ്ഡം കഴിയുന്നത്.
ഒറ്റ ഇണ മാത്രം
1956 ലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ ഈ ആല്‍ബട്രോസ് പക്ഷിയെ കണ്ടെത്തിയത്. ആല്‍ബട്രോസ് പക്ഷികളാണ് കടല്‍പക്ഷികളില്‍ വെച്ച് ഏറ്റവും വലുത്. അഞ്ച് വയസ് മാത്രമായിരുന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തുമ്പോള്‍ പക്ഷിയുടെ പ്രായം. അവര്‍ വിസ്ഡം എന്ന പേരും പക്ഷിയ്ക്ക് നല്‍കി. ആല്‍ബട്രോസ് പക്ഷികള്‍ക്ക് ഒറ്റ ഇണ മാത്രമാണ് സാധാരണ ഉണ്ടാവുക. വിസ്ഡത്തിന് 2010-ല്‍ അകികാമെയ് എന്ന ഒരു ആണ്‍ ആല്‍ബട്രോസും കൂട്ടായി വന്നു. 40 വയസ് വരെമാത്രമാണ് പൊതുവെ ആല്‍ബട്രോസ് പക്ഷികള്‍ ജീവിയ്ക്കുന്നത്. പക്ഷേ നാല്‍പ്പതും കഴിഞ്ഞ് എഴുപതില്‍ എത്തിനില്‍ക്കുകയാണ് വിസ്ഡവും ഇണയും.
ഒരു വര്‍ഷത്തില്‍ ഒരു മുട്ട
കഥകളിലും നോവലുകളിലും ആല്‍ബട്രോസ് പക്ഷികള്‍ ഇടം നേടിയിട്ടുണ്ട്. ആല്‍ബട്രോസ് പക്ഷികളുടെ ഉപവിഭാഗമായ ലെയ്‌സാന്‍ എന്ന ഗണത്തില്‍പ്പെടുന്ന കടല്‍ പക്ഷിയാണ് വിസ്ഡം. വടക്കന്‍ ശാന്ത സമുദ്രമേഖലയില്‍ സാധാരണ കണ്ടുവരാറുള്ള ആല്‍ബട്രോസുകള്‍ ഒരു വര്‍ഷത്തില്‍ ഒരു മുട്ടയാണ് ഇടുന്നത്. ചെറുദ്വീപുകളിലും പാറക്കെട്ടുകളിലുമാണ് ഇവ കൂടുകെട്ടുന്നത്. ഒരു മുട്ട വിരിയാന്‍ ഏകദേശം എട്ട് ആഴ്ച വേണം. കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നത് 10 മാസങ്ങള്‍ക്കു ശേഷമാണ്.
അന്ധവിശ്വാസങ്ങള്‍ ധാരാളം
നാവികരുടെ ഇടയില്‍ ഇവയെപ്പറ്റി അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ ധാരാളം കഥകള്‍ നിലവിലുണ്ട്. ആല്‍ബട്രോസ് കപ്പലിനെ പിന്തുടരുന്നത് ശുഭസൂചകമാണെന്നും അതിനെ ഉപദ്രവിച്ചാല്‍ തങ്ങള്‍ക്കു ദുര്യോഗമുണ്ടാകുമെന്നും സമുദ്രസഞ്ചാരികള്‍ വിശ്വസിക്കുന്നു. മുന്‍ കാലങ്ങളില്‍ സമുദ്രത്തില്‍ നിന്നും മരിച്ച നാവികരാണ് ആന്‍ബട്രോസായി പുന്‍ജനിക്കുന്നതെന്ന് അന്തവിശ്വാസവും നിലനിന്നിരുന്നു. അതിനാല്‍ ആരും തന്നെ ഇവയെ ഉപദ്രവിക്കാറുമില്ല. നിരവധി പ്രത്യേകതകളുള്ള പക്ഷിയാണ് ആല്‍ബട്രോസ്. നിലത്തിറങ്ങാതെ പതിനായിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ ഇവയ്ക്കാകും. പത്ത് കിലോയിലധികം ഭാരമുള്ള ഈ ഇനത്തില്‍പ്പെട്ട പക്ഷികള്‍ കൂറേ ദൂരം ഓടിയ ശേഷമാണ് പറന്നുയരാറുള്ളത്.
Story Highlights: Life expectancy 40 years; The world’s oldest seabird mother at the age of 70
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here