മാറ്റത്തിനായി സമര്‍ദം ശക്തമാക്കി ജി-23 നേതാക്കള്‍; ഗുലാം നബി ആസാദിനെ കണ്ട് സോണിയ ഗാന്ധി

കോണ്‍ഗ്രസ് സംഘടനാസംവിധാനത്തില്‍ സമൂല മാറ്റങ്ങള്‍ വരുത്താനായി തിരുത്തല്‍വാദി നേതാക്കള്‍ സമര്‍ദം ശക്തമാക്കുന്നതിനിടെ അനുനയ നീക്കവുമായി സോണിയാ ഗാന്ധി. ജി-23 നേതാക്കളുടെ ആവശ്യങ്ങളും ആശങ്കകളും ചര്‍ച്ച ചെയാനായി സോണിയാ ഗാന്ധി ഗുലാം നബി ആസാദുമായി ചര്‍ച്ച നടത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ജി-23 നേതാക്കള്‍ മൂന്നാമതും യോഗം ചേര്‍ന്ന പശ്ചാത്തലത്തിലാണ് സോണിയാ ഗാന്ധിയുടെ അനുനയ നീക്കം.
ഗുലാം നബി ആസാദിന്റെ വസതിയിലാണ് ഇന്നലെ തിരുത്തല്‍വാദി നേതാക്കളുടെ യോഗം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് തവണയാണ് ജി23 നേതാക്കള്‍ യോഗം ചേര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനത്തില്‍ വരുത്തേണ്ട സമൂലമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിരുത്തല്‍ വാദി നേതാക്കള്‍ തുടര്‍ച്ചയായി യോഗം ചേര്‍ന്നിരുന്നത്.
Read Also : സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എഎപിയും
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ സമാന താല്‍പര്യങ്ങളുള്ള പാര്‍ട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍പ്പെടെ ജി23 നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയാണെന്നും ഈ അവസ്ഥയെ മറികടക്കുന്നതിനായി നേതാക്കള്‍ ഒന്നിച്ചുനില്‍ക്കണമെന്നുമുള്ള നിലപാടിലാണ് ജി 23 നേതാക്കള്‍.
സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന ഉറച്ച നിലപാടിലാണ് ജി23 നേതാക്കള്‍. ഇക്കാര്യം ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ വ്യക്തമായി ധരിപ്പിക്കാനിരിക്കുകയാണ്. പ്ലീനറി സെഷനില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന സൂചന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി നല്‍കിയിരുന്നു. എഐസിസി പ്ലീനറി സെഷന്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാകും നടക്കുകയെന്നും ആമുഖ പ്രസംഗത്തില്‍ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.
കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, സന്ദീപ് ദീക്ഷിത് എന്നിവരടക്കമുള്ള നേതാക്കളാണ് ഇന്നലെ യോഗം ചേര്‍ന്നിരുന്നത്. തിരുത്തല്‍വാദികളില്‍ പ്രധാനിയായ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഢ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. തളര്‍ന്ന ഈ അവസ്ഥയില്‍ നിന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് പ്രധാനമായും ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തത്. ജി23 നേതാക്കളുടെ ആവശ്യങ്ങളും ആശങ്കകളും ഹൂഢ രാഹുലിനെ അറിയിച്ചിട്ടുമുണ്ട്.
Story Highlights: sonia gndhi meet gulam nabi azad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here