‘കുട്ടികളുടെ കരച്ചിൽ കേൾക്കാമായിരുന്നു; എന്റെ വീട്ടിൽ കിടന്ന് വളർന്ന കുട്ടികളാണ്’; രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ രാഹുൽ 24നോട്

രാത്രി 12.35 ഓടെയാണ് രാഹുലിന് ഫൈസലിന്റെ കുട്ടികളായ അസ്‌നയുടേയും മെഹ്‌റുവിന്റേയും ഫോൺ കോൾ വരുന്നത്. ‘ചേട്ട ഓടി വാ…രക്ഷിക്കൂ’ എന്നാണ് അവർ പറഞ്ഞത്. ഫൈസലിന്റെ അയൽവാസിയാണ് രാഹുൽ. അസ്‌നയും മെഹ്‌റുവും രാഹുലിന്റെ വീട്ടിൽ സ്ഥിരം കളിക്കാൻ പോകുമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരേയും സ്വന്തം മക്കളെ പോലെ കണ്ടിരുന്ന രാഹുലിനെ തന്നെയാണ് അപകടം സംഭവിച്ചപ്പോൾ ഇവർ ആദ്യം വിളിച്ചതും. ( rahul about cheenikuzhi murder )
ഫോൺ കോളിന് പിന്നാലെ വീട്ടിൽ നിന്ന് രാഹുൽ പെട്ടെന്നിറങ്ങി ഓടിച്ചെന്നപ്പോഴേക്കും അകത്ത് തീ കാണാമായിരുന്നു. മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അത് ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോൾ കുടുംബമുള്ള കിടപ്പ് മുറിയും പൂട്ടിയ നിലയിലായിരുന്നു. കിടപ്പ് മുറിയുടെ വാതിലും ചവിട്ടി തുറന്നുവെങ്കിലും പെട്ടെന്ന് തീയാളി. ഫൈസലിന്റെ അച്ഛൻ ഹമീദ് ആ സമയത്ത് ജനലിലൂടെ വീണ്ടും പെട്രോൾ ഒഴിച്ചതാണ് തീ ആളികത്താൻ കാരണമായത്. ആളിക്കത്തിയ തീയിൽ നിന്ന് രക്ഷപ്പെടാൻ കുടുംബം കുളിമുറിയിലേക്കാണ് ഓടിക്കയറിയത്. എന്നൽ ടാങ്കിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കി വിട്ടിരുന്നതിനാൽ കുളിമുറിയിൽ വെള്ളമുണ്ടായിരുന്നില്ല. മോട്ടർ അടിച്ച് വെള്ളം വരാതിരിക്കാൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. കൂടുതൽ പെട്രോൾ ഒഴിക്കുന്നതിൽ നിന്ന് ഫൈസലിന്റെ അച്ഛൻ ഹമീദിനെ പിന്തിരിപ്പിച്ചത് രാഹുലാണ്. അപ്പോഴേക്കും നാട്ടുകാരെല്ലാം ഓടിക്കൂടി. പക്ഷേ നാല് പേരെയും രക്ഷപ്പെടുത്താൻ സാധിച്ചില്ല.
തന്റെ സുഹൃത്തായ ഫൈസലിനേയും കുടുംബത്തേയും രക്ഷിക്കാൻ സാധിക്കാതെ നിസഹായനായി നോക്കി നിൽക്കേണ്ടി വന്നു രാഹുലിന്. ആ നടുക്കത്തിലും ഭീതിയിലുമാണ് രാഹുൽ. ‘വീടിനകത്ത് നിന്ന് കുട്ടികളുടെ കരച്ചിൽ കേൾക്കമായിരുന്നു. എന്റെ വീട്ടിൽ കിടന്ന് വളർന്ന കുട്ടികളാണ്’- രാഹുൽ വിതുമ്പി.
കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൊലപാതകം നടത്തിയത്. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്നിക്കിരയാവുകയായിരുന്നു.
വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ഹമീദ് ശ്രമിച്ചു. രാഹുലാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.
മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുൽ ട്വന്റിഫോറിനോട് പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlights: rahul about cheenikuzhi murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here