ഐഎഫ്എഫ്‌കെ : ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും

രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ദോയുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. ( 67 films exhibited on IFFK 3rd day )
എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനേറ്റോലിയൻ ലെപേർഡ്,അസർബൈജൻ ചിത്രം സുഖ്‌റ ആൻഡ് സൺസ്,കശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം അയാം നോട്ട് ദി റിവർ ജ്ജലം, അന്റോണേറ്റ കുസിജനോവിച് സംവിധാനം ചെയ്ത മുറിന, മലയാള ചിത്രം നിഷിദ്ധോ തുടങ്ങിയവയാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്നത്തെ ചിത്രങ്ങൾ.
രണ്ട് തവണ ഓസ്‌കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദർശനവും ഇന്നാണ്.നിശാഗന്ധി തീയറ്ററിൽ വൈകീട്ട് 6.30 നാണു ചിത്രം പ്രദർശിപ്പിക്കുന്നത്.
അൾജീരിയൻ വംശജനായ അഹമ്മതും ട്യൂനീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം എ റ്റെയിൽ ഓഫ് ലവ് ആൻഡ് ഡിയർ, സ്വവർഗനുരാഗികളായ രണ്ട് യുവാക്കൾ കുട്ടികളുടെ സംരക്ഷകരാകുന്ന മാനേലോ നീയെതോ സംവിധാനം ചെയ്ത ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് എംപ്ലോയീ തുടങ്ങി 40 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
നടേഷ് ഹെഡ്‌ഗേ സംവിധാനം ചെയ്ത പേഡ്രോ ഉൾപ്പെടെ 18 ഇന്ത്യൻ ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനെത്തും.
Story Highlights: 67 films exhibited on IFFK 3rd day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here