‘കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ ജനങ്ങൾ പിഴുതെറിയും’ : എം.എം മണി

കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് എം.എം മണി. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം.എം മണി പറഞ്ഞു. ( mm mani against congress silverline survey stone )
സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി രാഷ്ട്രീയ നേതാക്കളുടെ വാക്‌പോര് തുടരുകയാണ്. സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്നാണ് ഇന്നലെ കെ.മുരളീരൻ എംപി പറഞ്ഞത്. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു.
Read Also : സിൽവർലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി
സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ലെന്നും മാടപ്പള്ളിയിലെ സമരം ആസൂത്രമാണെന്നും കോടിയേരി തുറന്നടിച്ചു.
അതേസമയം, ശക്തമായ പ്രതിഷേധങ്ങൾക്കിടെയും സിൽവർ ലൈൻ സർവേ നടപടികൾ ഇന്നും തുടരും. കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് പടിഞ്ഞാറെ കല്ലായി ഭാഗത്ത് നിന്നാവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം സർവേ നടപടി തടയുമെന്ന് സമരസമിതി അറിയിച്ചു.
Story Highlights: mm mani against congress silver line survey stone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here