മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണം; കേരളത്തിന്റെ സത്യവാങ്മൂലം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. ( mullaperiyar sc kerala affidavit )
അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിനോടാണ് കേരളത്തിന്റെ മറുപടി. സുരക്ഷ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല. മേൽനോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തൽസ്ഥിതി റിപ്പോർട്ടെന്നും കേരളം കൂട്ടിച്ചേർത്തു.
അതേസമയം, മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രിംകോടതിയിലെ അന്തിമ വാദം കേൾക്കൽ നാളെ ആരംഭിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിച്ചപ്പോൾ വാദം പറയാൻ തമിഴ്‌നാട് സമയം ആവശ്യപ്പെടുകയായിരുന്നു. കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും, രേഖകളുടെയും പകർപ്പ് ഇന്ന് രാവിലെയാണ് ലഭിച്ചത്. അത് പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നും, ഹർജികൾ നാളെ പരിഗണിക്കണമെന്നും തമിഴ്‌നാടിന്റെ അഭിഭാഷകൻ ശേഖർ നാഫ്‌ഡെ കോടതിയോട് ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
Story Highlights: mullaperiyar sc kerala affidavit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here