ഇന്ത്യൻ താരത്തെ ‘വിദേശി’യാക്കി ക്രിക്കറ്റ് വിദഗ്ധരുടെ ചർച്ച;
പൊങ്കാലയുമായി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണ് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടീം ആസൂത്രണത്തെക്കുറിച്ച് ‘സ്പോര്‍ട്സ് ടോക്ക്’ എന്ന മാധ്യമത്തിൽ നടന്ന ചർച്ച സോഷ്യൽ മീഡിയയിൽ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് വൈറലാവുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഷെല്‍ഡണ്‍ ജാക്സണെ വിദേശ താരമാക്കി ചിത്രീകരിച്ചുള്ള അവതാരകരുടെ ഐപിഎല്‍ ചര്‍ച്ചയാണ് വൈറലായത്.
സൗരാഷ്ട്രയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ പലകുറി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമിലോ ഐപിഎല്ലിലോ ഇതുവരെ അവസരം ലഭിക്കാതിരുന്ന 35കാരനായ ഷെല്‍ഡണ്‍ ജാക്സണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ടീമിലെടുത്തത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റുകളിലൊരാൾ ഉൾപ്പെടെയുള്ള ക്രിക്കറ്റ് വിദഗ്ധരുടെ ചർച്ചയായിട്ടുകൂടി വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ഷെൽഡൺ ജാക്സണെ തിരിച്ചറിയാൻ കഴിഞ്ഞില്ലേയെന്ന് വിമർശകർ ചോദിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് ജാക്സണെ കൊല്‍ക്കത്ത ഇത്തവണ പരിഗണിച്ചത്.
Read Also : പ്രീമിയർ ലീഗ് മത്സരങ്ങൾ റഷ്യയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തി
ജാക്സണെ കഴിഞ്ഞ നാലു സീസണുകളിലും ആരും ടീമിലെടുത്തിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സൗരാഷ്ട്രക്കായി 79 മത്സരങ്ങളില്‍ 50.39 ശരാശരിയില്‍ 19 സെഞ്ച്വറിയും 31 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 6000 ത്തോളം റണ്‍സ് നേടിയ കളിക്കാരനാണ് ഷെല്‍ഡണ്‍ ജാക്സണ്.
സ്പോര്‍ട്സ് ടോക്കില്‍ കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ നാലു വിദേശതാരങ്ങളെ മാത്രമല്ലേ കളിപ്പിക്കാനാവൂ എന്ന് ഒരാൾ ചോദിക്കുന്നുണ്ട്. അരോൺ ഫിഞ്ചും ആന്ദ്രെ റസലും പാറ്റ് കമിന്‍സും സുനില്‍ നരെയ്നും ടീമിലുള്ളപ്പോൾ പിന്നെ ഷെല്‍ഡണ്‍ ജാക്സണെന്ന വിദേശ കളിക്കാരന് എന്ത് പ്രസക്തിയെന്ന തരത്തിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള അനുഭവ സമ്പന്നനായ ഷെല്‍ഡണ്‍ ജാക്സണെ വിദേശ താരമായി ചിത്രീകരിച്ചതിനെതിരെ ക്രിക്കറ്റ് പ്രേമികൾ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
Story Highlights: Cricket experts discuss making Indian cricketer Sheldon Jackson a ‘foreigner’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here