ഈസ്റ്റേൺ വിമാനാപകടം: രണ്ടാം ബ്ലാക്ക് ബോക്സിനായുള്ള തെരച്ചിൽ ഊർജിതം

തെക്കൻ ചൈനയിൽ തകർന്നുവീണ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമം ഊർജിതം. ബ്ലാക്ക് ബോക്സിനായുള്ള തെരച്ചിൽ മേഖല വിപുലീകരിച്ചു. മെറ്റൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, സ്നിഫർ ഡോഗ് എന്നിവ ഉപയോഗിച്ച് ഉൾക്കാട്ടിൽ പരിശോധന നടത്താനാണ് തീരുമാനം. ഇന്നലെ വിമാനത്തിൻ്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു.
132 പേരുമായി പറന്ന ചൈന ഈസ്റ്റേൺ വിമാനമാണ് തകർന്നു വീണത്. കണ്ടെത്തിയ ഉപകരണം ഗുരുതരമായി തകർന്ന അവസ്ഥയിലാണ്. ഇത് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറാണോ കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറാണോ എന്ന് അന്വേഷകർക്ക് വ്യക്തമാക്കാൻ കഴിയുന്നില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ചൈനയുടെ അപകട അന്വേഷണ വിഭാഗം നേരത്തെ പറഞ്ഞിരുന്നു.
വിമാനം നിലത്ത് പതിച്ചപ്പോൾ ഉണ്ടായ കുഴിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചിരുന്നു. എന്നാൽ കുത്തനെയുള്ള ചരിവുകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ശ്രമം ഉച്ചയോടെ നിർത്തിവയ്ക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടിട്ടുണ്ട്. കുൻമിങ്ങിൽ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള യാത്രാമധ്യേ വുഷു നഗരത്തിന്റെ സമീപത്തുള്ള മലയിലാണ് അപകടമുണ്ടായത്.
Story Highlights: china plane crash search area expanded for 2nd black box
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here