റഷ്യന്‍ അധിനിവേശം: ജോ ബൈഡന്‍ പോളണ്ടില്‍; നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു

റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പോളണ്ടിലെ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് രണ്ട് മില്യണിലധികം അഭയാര്‍ഥികള്‍ പോളണ്ടിലെത്തിയതായി ഹ്യൂമാനിറ്റേറിയന്‍ വിദഗ്ധര്‍ അമേരിക്കന്‍ പ്രസിഡന്റിനോട് വ്യക്തമാക്കി. (joe biden visit poland)
3.5 മില്യണ്‍ ആളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി യൂറോപ്പ് നേരിടുന്ന ഘട്ടത്തില്‍ പോളണ്ട് വലിയ സഹായമാണ് ചെയ്തതെന്ന് ബൈഡന്‍ പറഞ്ഞു. പോളണ്ട് അതിര്‍ത്തിക്ക് സമീപം യു എസ് അയച്ച സൈനികരേയും ബൈഡന്‍ സന്ദര്‍ശിച്ചു. റഷ്യയ്‌ക്കെതിരായ യുക്രൈന്‍ ജനതയുടെ പോരാട്ടം അഭിനന്ദനാര്‍ഹമാണെന്നും ബൈഡന്‍ പോളണ്ട് സന്ദര്‍ശന വേളയില്‍ പ്രസ്താവിച്ചു.
യുക്രൈനില്‍ നിന്നുള്ള ഒരു ലക്ഷത്തില്‍ അധികം അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക അല്‍പ സമയം മുന്‍പ് വ്യക്തമാക്കിയിരുന്നു. യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് മാനുഷിക സഹായം നല്‍കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 11ന് ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുടെ യോഗത്തിലും യക്രൈനിയന്‍ അഭയാര്‍ത്ഥികളെ തങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് ബൈഡന്‍ സൂചിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി എന്നിവരും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ അമേരിക്കയിലേക്കു കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് പറഞ്ഞത്. അമേരിക്കയിലേക്കുള്ള പുനരധിവാസം പെട്ടെന്നുള്ള പ്രക്രിയയല്ലെന്നത് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രസ്താവന.
Story Highlights: joe biden visit poland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here