കോഴിക്കോട് ഓട്ടോയുടെ ചില്ല് തകര്‍ത്ത് സമരാനുകൂലികള്‍; കുട്ടികളടങ്ങുന്ന കുടുംബത്തിന് നേരെ ആക്രമണം

ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ കോഴിക്കോട് അശോകപുരത്ത് സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ ചില്ല തല്ലിത്തകര്‍ത്തു. കൊമ്മേരി സ്വദേശിയായ ലിബിജിത്തിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികളടക്കം അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനമാണ് തകര്‍ത്തത്. ഇവരെ ഓട്ടോയില്‍ നിന്നിറക്കി വിടുകയും ചെയ്തു. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. കുട്ടികളെയും മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഏഴും അഞ്ചും വയസുള്ള കുട്ടികളും ലിബിജിത്തിന്റെ ഭാര്യയും അമ്മയുമാണ് ഓട്ടോയിലുണ്ടായിരുന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മാവൂര്‍ റോഡ് ശ്മശാനത്തിന് സമീപമെത്തിയപ്പോഴാണ് ആക്രമണം. പൊലീസെത്തിയാണ് കുടുംബത്തെ രക്ഷപെടുത്തിയത്. സംഭവത്തിന് ശേഷം ലിബിജിത്തും ഭാര്യയും സംയുക്ത സമര സമിതിയുടെ പന്തലിലെത്തി പ്രതിഷേധിച്ചെങ്കിലും ഇവരെ സമരക്കാര്‍ റക്കിവിട്ടു.
‘പെട്ടന്നായിരുന്നു ആക്രമണം. ചില്ല് തകര്‍ത്തതിനിടെ കയ്യും മുറിഞ്ഞു. സമരക്കാരെ കണ്ടപ്പോള്‍ തന്നെ ഫാമിലിയാണ്, ഒന്നും ചെയ്യരുതെന്ന് പറയുന്നുണ്ടായിരുന്നു. സമരപ്പന്തലിലെത്തിയപ്പോള്‍ അവിടെ നിന്നും മോശമായ അനുഭവമുണ്ടായി. മുഖത്തടിക്കുമെന്നാണ് അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞത്’. ലിബിജിത്തും ഭാര്യയും പ്രതികരിച്ചു.
ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ പാലക്കാട് കഞ്ചിക്കോട്ടും മലപ്പുറത്തും കോഴിക്കോടും കൊച്ചിയിലും സമരാനുകൂലികള്‍ ജോലിക്കെത്തുന്നവരെ തടയുന്നുണ്ട്. പലയിടത്തും തുറന്ന സ്ഥാപനങ്ങള്‍ അടപ്പിച്ചു. നിരവധി പേരുടെ വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചുവിടുകയാണ്. പണിമുടക്കില്‍ നിന്ന് വിട്ടുനിന്നവരുമായി സമരാനുകൂലികള്‍ വാക്കുതര്‍ക്കത്തിലായി. പലയിടത്തും പ്രതിഷേധങ്ങളുമുണ്ടായി. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.
Read Also : ദ്വിദിന ദേശീയ പണിമുടക്ക്; പാലക്കാട് ജോലിക്കെത്തിയവരെ തടഞ്ഞു
ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് നടത്തുന്നത്. അതേസമയം കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ദേശീയ പണിമുടക്ക് നിരോധിച്ചിട്ടുണ്ട്. പ്രതിരോധ സ്ഥാപനങ്ങളില്‍ പണിമുടക്ക് പാടില്ലെന്ന ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Story Highlights: autorikshaw glass destroyed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here