സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ സമരം ‘ഷട്ടറിനുള്ളില്‍’; ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ട് ജോലി ചെയ്യുന്നു

തൃശൂരില്‍ സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഷട്ടര്‍ അടച്ചിട്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ജീവനക്കാര്‍ രഹസ്യമായി ജോലി ചെയ്യുന്നത്.
സിപിഐഎം നേതാക്കളാണ് ഈ ബാങ്കിന്റെ ഭരണസമിതി അംഗങ്ങള്‍. സംഭവം വിവാദമായതോടെ സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടര്‍ തുറക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയുകയായിരുന്നെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം.
കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളാണ് ബാങ്ക് ഭരണസമിതി അംഗങ്ങൾ. തുടർന്ന് ബിജെപി പ്രവർത്തകർ ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചു. പണി മുടക്കിന് ആഹ്വാനം ചെയത സിപിഎം നേതാക്കൾ സ്വന്തം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് വിരോധാഭാസ മാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ബാങ്കിന്റെ കമ്പ്യൂട്ടർ സർവർ തകരാർ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാത്രമാണ് അകത്ത് നടക്കുന്നതെന്നും ബാങ്ക് പ്രവർത്തിക്കുന്നില്ലെന്നും ബാങ്ക് അധികൃതർ പ്രതികരിച്ചു.
കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സമരക്കാരും കടയുടമകളും തമ്മില്‍ കയ്യാങ്കളിയുണ്ടായ പശ്ചാത്തലത്തിലാണ് സഹകരണ ബാങ്കില്‍ ജീവനക്കാരെത്തിയ സംഭവം വിവാദമാകുന്നത്.
കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി നടന്നു.വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികള്‍ പ്രതിഷേധിക്കുകയും കടയടപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു, ഇതോടെ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ കടകള്‍ തുറക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വ്യാപാരികള്‍. സമരക്കാരും വ്യാപാരികളും തമ്മില്‍ ഉന്തും തള്ളുമായതോടെ പൊലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
Story Highlights: employees working cooperative bank cpim strike day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here