വിജയവഴിയിലേക്ക് തിരികെയെത്താൻ ഗോകുലം; എതിരാളികൾ രാജസ്ഥാൻ യുണൈറ്റഡ്

ഐലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഐലീഗ് അരങ്ങേറ്റക്കാരായ രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും. മുഹമ്മദൻ എസ്‌സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങേണ്ടിവന്ന ഗോകുലം വിജയവഴിയിലേക്ക് തിരികെയെത്താനായാണ് ഇറങ്ങുന്നത്. 24 ന്യൂസ് ചാനൽ, യൂട്യൂബ്, വൺ സ്പോർട്സ് ചാനൽ, വൺ സ്പോർട്സ് ഫേസ്ബുക് എന്നിവയിലൂടെ കളി തത്സമയം കാണാൻ കഴിയും.
സീസണിൽ പരാജയമറിയാതെ മുന്നേറുന്ന ഗോകുലത്തിന് 6 മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് സമനിലയും സഹിതം 14 പോയിൻ്റാണ് ഉള്ളത്. ഗോകുലം പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 7 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയമുള്ള മുഹമ്മദൻ 16 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതുണ്ട്. ഇന്നത്തെ കളി വിജയിച്ചാൽ ഗോകുലത്തിന് ഒന്നാം സ്ഥാനത്ത് തിരികെയെത്താനാവും.
തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ചെത്തിയ ഗോകുലം മുഹമ്മദനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ 1-1ൻ്റെ സമനില വഴങ്ങുകയായിരുന്നു. ഇതിനകം ആകെ 16 ഗോളുകൾ നേടിക്കഴിഞ്ഞ ഗോകുലം തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. അതേസമയം, സീസണിൽ ഇതുവരെ വെറും 3 ഗോളുകളാണ് രാജസ്ഥാൻ നേടിയിട്ടുണ്ട്. വഴങ്ങിയത് രണ്ട് ഗോളുകൾ. രണ്ടു ജയവും മൂന്നു സമനിലയും ഒരു തോൽവിയുമായി ഒമ്പത് പോയിൻ്റുള്ള രാജസ്ഥാൻ പട്ടികയിൽ ഏഴാമതാണ്.
മുന്നേറ്റ നിരയിൽ ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചർ, സ്ലോവേനിയൻ താരം ലൂക്ക മജ്‌സെൻ എന്നിവരാണ് ഗോകുലത്തിൻ്റെ കരുത്ത്. താഹിർ സമാൻ, ജിതിൻ, മുഹമ്മദ് ഉവൈസ്,ലൂക്കാ എന്നിവർ മികച്ച ഫോമിലാണ്.
Story Highlights: gokulam kerala rajasthan united i league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here