Advertisement

കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അടച്ചേ പറ്റൂവെന്ന് സമരക്കാര്‍; രാമനാട്ടുകരയില്‍ കയ്യാങ്കളി, സംഘര്‍ഷം

March 29, 2022
1 minute Read
traders and protesters clash Ramanattukara

കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികള്‍ പ്രതിഷേധിക്കുകയും കടയടപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു, ഇതോടെ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ കടകള്‍ തുറക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വ്യാപാരികള്‍. സമരക്കാരും വ്യാപാരികളും തമ്മില്‍ ഉന്തും തള്ളുമായതോടെ പൊലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

പണിമുടക്കിനോട് സഹകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ അടച്ചിടുന്നത് ചിന്തിക്കാനാകില്ല. കടകള്‍ തുറക്കുന്ന വ്യാപാരികള്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയില്ലെങ്കില്‍ സമിതി സംരക്ഷണം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നഷ്ടം സംഭവിച്ചാല്‍ അത് സംഘടന ഏറ്റെടുക്കുമെന്നും കുഞ്ഞാവുഹാജി ട്വന്റിഫോറിനോട് പ്രതികരിച്ചു.

സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെ നിലപാടിലാണ് കട തുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

Read Also : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം കളക്ടര്‍

അതേസമയം പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കില്‍ പങ്കെടുക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.

Story Highlights: traders and protesters clash Ramanattukara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top