Advertisement

ഇതൊന്നും എല്ലാവർക്കും തമാശയല്ല, രോഗിയായ അമ്മയെ പരിഹസിച്ച സ്ത്രീയെ അടിച്ചു; വൈറലായൊരു കുറിപ്പ്

March 29, 2022
2 minutes Read

ഇന്നലെ മുതൽ ചർച്ചയാകുന്നത് ഓസ്കർ വേദിയിൽ അവതാരകനെ തല്ലിയ വിൽ സ്മിത്തിന്റെ പ്രവൃത്തിയാണ്. അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തുവന്നു. മാപ്പ് പറഞ്ഞു വിൽ സ്മിത്തും രംഗത്തെത്തി. പക്ഷെ ഈ വിഷയം സമൂഹത്തിൽ നിരവധി ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. എല്ലാ തമാശകളും ചിരിച്ചുതള്ളാനുള്ളതാണോ? ബോഡി ഷെയിമിങ് തമാശയാണെന്ന് കരുതുന്ന നമ്മുടെ സമൂഹത്തിൽ ഈ ചർച്ചകൾക്കെല്ലാം എത്രത്തോളം പ്രാധാന്യം ഉണ്ട്. തമാശയുടെ അതിർവരമ്പുകൾ പാലിക്കപ്പെടാതെ പോകുമ്പോൾ ഈ വിഷയം വിരൽ ചൂണ്ടുന്നത് ചെറുതല്ലാത്ത പ്രശ്നങ്ങളിലേക്ക് തന്നെയാണ്. ഈ വിഷയത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്…

മറ്റൊരാളുടെ വേദന പൊതുവേദിയിൽ തമാശയല്ല എന്നത് ഏറിയ പങ്കും സമ്മതിക്കുന്ന കാര്യം തന്നെയാണ്. ആ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് മാത്രമേ അതിന്റെ ഭീകരത മനസിലാകുകയുള്ളു. രോഗിയായ അമ്മയെ പരിഹസിച്ച സ്ത്രീയെ പൊതുയിടത്തിൽ തല്ലേണ്ടി വന്നിട്ടുണ്ട് എന്ന തന്റെ അനുഭവമാണ് കുറിപ്പിലൂടെ ദീപ എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ:-

“ഓസ്കാർ മേടിച്ചു,അടി കൊടുത്തു!!
എന്തിനാണ് വിൽസ്മിത്ത് ക്രിസ് എന്ന അവതാരകനെ തല്ലിയത്? ഈ ചിത്രത്തിൽ കാണുന്നതാണ് ജെയ്ഡ് – വിൽസ്മിത്തിന്റെ ഭാര്യ. കുറച്ചു നാളായി അലോപെഷ്യ എന്ന രോഗവസ്ഥ കൊണ്ട് ജെയ്ഡിന്റെ മുടി മെല്ലെ മെല്ലെ കൊഴിഞ്ഞു പോകുന്നുണ്ടായിരുന്നു.
മുടി വല്ലാതെ കൊഴിഞ്ഞു പോകുന്നതിനെ തുടർന്ന് ജെയ്ഡ് തന്റെ മുടി വളരെ ചെറുതാക്കി ക്രോപ് ചെയ്തിരുന്നു. ആ രൂപമാണ് ഓസ്കാർ വേദിയിലെ അവതരണത്തിനിടെ ക്രൂരമായ ഒരു തമാശ പറയാൻ ക്രിസിനെ പ്രേരിപ്പിച്ചത്.

ജയ്ഡിന്റെ മുടിയുടെ അവസ്ഥയെ “G.I. ജെയ്ൻ” എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി താരതമ്യപ്പെടുത്തുകയും, ‘GI JANE 2’ ഉടൻ പ്രതീക്ഷിക്കുന്നു എന്ന് വളരെ ലാഘവത്തോടെ പറയുകയും ചെയ്തു. ഇത് വിൽസ്മിത്തിനെ പ്രകോപിപ്പിച്ചു. മഹത്തരമായ വേദിയെന്നത് പോലും മറന്നാണ് വിൽസ്മിത്ത് എഴുന്നേറ്റ് ചെന്ന് ക്രിസിന്റെ ചെകിട്ടത്തടിച്ചത്..എന്നാൽ ജെയ്ഡ് ഒരു ചിരിയോടെ ഇരിക്കുകയായിരുന്നു അപ്പോഴും. ജെയ്ഡ് കൂളായി ഇരുന്നല്ലോ, പിന്നെ സ്മിത്ത് എന്തിനാണ് ഇങ്ങനെ പ്രതികരിച്ചത്, വിൽസ്മിത്ത് ചെയ്തത് ശരിയല്ല എന്നതാണ് ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ആരോപണം.


ഇതിന് മുൻപ് ഞാനിങ്ങനെ ഒരാൾ മറ്റൊരാളെ തല്ലുന്നത് കണ്ടിട്ടുണ്ട്. ക്യാൻസർ രോഗിയായ അമ്മയെ പാലിയേറ്റിവ് സെന്ററിൽ കൊണ്ട് വന്നതാണ് ആ പെൺകുട്ടി . ജോലിയുടെ ഭാഗമായി ഞാനന്ന് അവിടെ ഉണ്ട്. കീമോയുടെ ഭാഗമായി ആ അമ്മയുടെ പുരികം മുഴുവൻ കൊഴിഞ്ഞു പോയിരുന്നു. കാത്തിരിപ്പ് സ്ഥലത്തെ സംസാരത്തിനിടയിൽ മറ്റൊരു രോഗിക്ക് ഒപ്പം വന്ന ഒരു സ്ത്രീ വെറുതെ ഒരു തമാശക്ക് അവളോട് ഇങ്ങനെ പറഞ്ഞു.

” കറുത്ത മഷി കൊണ്ട് ഒരു പുരികം വരയ്ക്ക് അമ്മയ്ക്ക്. നമ്മള് കൊച്ചു പിള്ളേരെയൊക്കെ ഒരുക്കില്ലേ,അതുപോലെ.. എന്നിട്ട് കവിളത്തു ഒരു കുത്തൊക്കെ ഇട്ട് കൊടുക്ക്!” വലിയൊരു തമാശ പറഞ്ഞത് പോലെ ആ സ്ത്രീ ചിരിച്ചപ്പോൾ ആ പെൺകുട്ടി പെട്ടെന്നെഴുന്നേറ്റ് ചെന്ന് ആ സ്ത്രീയെ പിടിച്ചൊരു തള്ള് തള്ളി. പെട്ടെന്ന് വീഴാൻ പോയ അവരുടെ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്ന പോലെ ഒരു അടിയും കൊടുത്തു. അന്ന് ഞാനും ഇന്ന് മറ്റുള്ളവർ ചിന്തിക്കുന്നത് പോലെ” ഇത്ര തീവ്രമായ പ്രതികരണത്തിന്റെ ആവശ്യമുണ്ടോ” എന്ന് ചിന്തിച്ചു. ആ പെൺകുട്ടിയോട് ഞാനത് ചോദിക്കുകയും ചെയ്തു. അവളുടെ മറുപടി ഇതാണ് ” മുട്ടറ്റം മുടിയുണ്ടായിരുന്ന അമ്മയാണ്. അമ്മ ഇപ്പോൾ കണ്ണാടിയിൽ നോക്കാറില്ല. ആളുകൾ വന്നാൽ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ല. അമ്മ അതിനെകുറിച്ച് ചിന്തിക്കുന്നില്ല എന്ന് വരുത്തിതീർക്കുന്നു.
ഇപ്പോൾ പറഞ്ഞ ഈ തമാശയ്ക്കും അമ്മ ചിരിക്കുകയായിരുന്നു.

പക്ഷെ അമ്മയെ എന്നും കാണുന്ന ഞങ്ങൾക്ക് അമ്മയുടെ ഈ രൂപം വല്ലാത്ത മാനസികസംഘർഷമാണ് ഉണ്ടാക്കുന്നത്. ഒളിച്ചു പോകാനോ, കാണാതിരിക്കാനോ ഞങ്ങൾക്ക് കഴിയില്ലല്ലോ. സുന്ദരിയായ, നീണ്ട മുടിയുള്ള അമ്മയെ കണ്ടുവളർന്ന ഞങ്ങൾക്ക് ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന സ്വപ്നമായി മാറുന്നുണ്ട് ഇന്നത്തെ ഈ രൂപം. അതിനിടയിൽ മുറിപ്പെടുത്തുന്ന ചെറിയ വാക്ക് പോലും ഞാൻ സഹിക്കില്ല, സഹിക്കാൻ കഴിയില്ല.. അതാണ് തല്ലിപ്പോയത്. ക്ഷമിക്കണം “

Read Also : “സ്മിത്തും അവതാരകനും, യുക്രൈനിന് ഐക്യദാർഢ്യം”; ഇത്തവണ ഓസ്കാർ വേദി സാക്ഷ്യം വഹിച്ച നിമിഷങ്ങൾ…

ഇത് തന്നെയാകും വിൽസ്മിത്തിന്റെയും മനസ്സ്. മെയിൽ ഷോവനിസം ആണ്, ഷോ ആണ് എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോഴും ഞാൻ ആലോചിച്ചത് അന്നത്തെ ആ പെൺകുട്ടിയുടെ ചെയ്തിയാണ്. അവൾ ചെയ്തത് എന്താണ് അപ്പോൾ? ഫീമെയിൽ ഷോവാനിസമോ? അതൊന്നുമല്ല… ഓർക്കാൻ ആഗ്രഹിക്കാത്ത, ചിന്തിക്കാൻ ഇഷ്ടമില്ലാത്ത, പൊരുത്തപ്പെടാൻ കഴിയാത്ത ചിലതൊക്കെയുണ്ട് ജീവിതത്തിൽ. അതിൽ തൊട്ടാകരുത് തമാശകൾ!! ബോഡി ഷെയ്മിങ് എന്ന ക്രൂരതയ്ക്ക് മാപ്പ് കൊടുക്കരുത്…മാപ്പ് കൊടുത്തും ചിരിച്ചും അതിനെ നിസ്സാരവൽക്കരിക്കരുത്. അത് ഓസ്കാർ വേദിയിൽ ആയാലും വീടകങ്ങളിലായാലും!!”

എന്തുതന്നെയായാലും ഇന്നലെ ഓസ്കാർ വേദിയിലെ അപ്രതീക്ഷിത നിമിഷങ്ങൾ സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങൾ കൂടിയാണ് എന്നാണ് ഈ സംഭവം ഓർമപ്പെടുത്തുന്നത്.

Story Highlights: Viral post on fb about willsmiths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top