വിസ്മൃതിയിലാണ്ട റേഡിയോ കാലത്തിലേക്ക്; സമ്പൂർണ റേഡിയോ ഗ്രാമമായി മാറാൻ ഒരുങ്ങി ഒരു ഗ്രാമം….

പഴമയുടെ ഓർമ്മകൾക്ക് പ്രത്യേക മധുരമാണ്. തിരക്കുപിടിച്ചോടുന്ന ജീവിതത്തിരക്കിൽ ഒരിക്കലെങ്കിലും നമ്മൾ അത് ഓർക്കാതെ പോകില്ല. പഴമയെ വിളിച്ചോതുന്ന തങ്ങളുടെ കാലത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ ഗ്രാമം. കോഴിക്കോട് കാരശ്ശേരിയിലെ ആനയാംകുന്ന് ഗ്രാമമാണ് വ്യത്യസ്തമായ പദ്ധതിയിലൂടെ ശ്രദ്ധ നേടുന്നത്. സമ്പൂർണ റേഡിയോ ഗ്രാമമായി മാറാൻ ഒരുങ്ങുകയാണ് ഈ വാർഡ്. എല്ലാ വീട്ടിലും സൗജന്യമായി റേഡിയോ വിതരണം ചെയ്യുക എന്നതാണ് പദ്ധതി. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഗ്രാമം ഇപ്പോൾ ഉണരുന്നത് തന്നെ ഈ ശബ്ദം കേട്ടാണ്.
എന്റെ ആകാശവാണി പദ്ധതിയിലൂടെയാണ് വ്യത്യസ്തമായ പദ്ധതി നടക്കുന്നത്. വാർഡിലുള്ള ഇരുന്നൂറ്റിയമ്പതിലേറെ വീടുകളിൽ റേഡിയോ എത്തിക്കുകയാണ് എന്റെ ആകാശവാണി പദ്ധതിയുടെ ലക്‌ഷ്യം. വിസ്മൃതിയിലാണ്ട റേഡിയോ കാലത്തെ തിരിച്ചുപിടിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാംഘട്ടത്തിൽ പ്രായമായവർക്കും കിടപ്പുരോഗികൾക്കും മുൻഗണന നൽകിയാണ് റേഡിയോ വിതരണം ചെയ്യുന്നത്.
Read Also : മൂഡ് സ്വിംഗ്‌സല്ല ബൈപോളാർ; ഇന്ന് ലോകബൈപോളാർ ദിനം…
ഗൃഹാതുരത്വം നിറഞ്ഞ ആ പഴയകാലത്തിലേക്ക് തിരിച്ചുപോയതിന്റെ സന്തോഷത്തിലാണ് ആനയാംകുന്നിലെ പഴയ തലമുറ. നാട്ടുകാരും ഏറെ സന്തോഷത്തോടെയാണ് ഈ പദ്ധതിയെ സ്വീകരിച്ചത്. വളരെ ചെറിയ പ്രായം മുതൽ റേഡിയോ കേട്ടുതുടങ്ങിയതാണ്. അന്നൊക്കെ വളരെ കുറവ് വീടുകളിൽ മാത്രമേ റേഡിയോ കാണുകയുള്ളു. ബാക്കിയെല്ലാവരും പൊതുറേഡിയോയാണ് ഉപയോഗിക്കാറ്. ഇന്നും റേഡിയോടുള്ള ആ താല്പര്യം അതുപോലെ തുടരുന്നു എന്നും ആനയാംകുന്ന് നിവാസി 24 ന്യൂസിനോട് പറഞ്ഞു.
യുവാക്കളെ റേഡിയോയിലേക്ക് ആകർഷിക്കുകയും എന്ന ലക്ഷ്യവും ഈ പദ്ധതിയ്ക്കുണ്ട്. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിന്റെ ഭാഗമായി വാർഡിലെ മുപ്പത്തിലേറെ വീടുകളിൽ ആദ്യഘട്ടത്തിൽ റേഡിയോ എത്തിച്ചുകഴിഞ്ഞു. സമ്പൂർണ റേഡിയോ ഗ്രാമമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ആനയാംകുന്ന്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here