ലീഗ് കൗണ്‍സിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.
അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചാണെന്ന് കൂടെയുള്ളവർ മൊഴി നൽകിയിരുന്നു. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.
Read Also :മഞ്ചേരിയിലെ കൗൺസിലറെ കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് മൊഴി
പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോഴാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ മധ്യസ്ഥ ചര്‍ച്ചയും ആക്രമണവും തമ്മിൽ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും നേരത്തേ കൗൺസിലറായിരുന്നു. ജലീലിന്റെ നിര്യാണത്തെ തുടർന്ന് നഗരസഭയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്.
Story Highlights: League councilor murdered; Another person arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here