റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും; പുടിനും സെലന്‍സ്‌കിയും നേരിട്ട് ചര്‍ച്ച നടത്തിയേക്കും

റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. സമാധാന ഉടമ്പടിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് റഷ്യന്‍ നിലപാട്. വ്‌ളാഡിമിര്‍ പുടിനും സെലന്‍സ്‌കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുള്ള നീക്കവും പുരോഗമിക്കുകയാണ്.(Russia-Ukraine peace talks tomorrow)
തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ആക്രമണത്തിന് ശക്തി കൂട്ടുമെന്ന റഷ്യയുടെ അവകാശവാദം ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അതേസമയം ഡൊണാസ്‌കില്‍ റഷ്യ ആക്രമണം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യം ഒരു വഴിത്തിരിവിന്റെ വക്കിലാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സൈന്യത്തെ പിന്‍വലിക്കുമെന്ന റഷ്യയുടെ ഉറപ്പ് വാക്കുകളില്‍ മാത്രമാണെന്നും സെലന്‍സ്‌കി പറഞ്ഞു.
ഇതിനിടെ റഷ്യന്‍ ഹാക്കര്‍മാര്‍ നാറ്റോയുടെ നെറ്റ്വര്‍ക്കുകളിലേക്കും നിരവധി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രാലയങ്ങളിലേക്കും നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായി ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏത് സൈന്യത്തെയാണ് ലക്ഷ്യം വച്ചതെന്ന് റിപ്പോര്‍ട്ടിലില്ല. പുതുതായി സൃഷ്ടിച്ച ജിമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
അതേസമയം പാശ്ചാത്യ ലക്ഷ്യങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം വര്‍ധിക്കുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു. യുക്രൈനിലെ പുരോഗതിയെക്കുറിച്ച് വ്ളാഡിമിര്‍ പുടിനെ സ്വന്തം ജനറല്‍മാര്‍ തെറ്റായി അറിയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ രംഗത്തെത്തി. അധികാരത്തോട് സത്യം പറയുന്നതില്‍ പരാജയപ്പെടുന്നത് സ്വേച്ഛാധിപത്യ സര്‍ക്കാരുകളുടെ അടയാളമാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു.
Read Also : റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും
രാജ്യത്തിന്റെ തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് പ്രതിദിനം ഏകദേശം ഒരു ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടുന്നത് അമേരിക്ക പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിന് ശേഷം വര്‍ധിക്കുന്ന പെട്രോള്‍ വില കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
Story Highlights: Russia-Ukraine peace talks tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here