സമനിലപ്പൂട്ട് പൊളിക്കണം; ഗോകുലം ഇന്ന് ഐസ്വാളിനെതിരെ

ഐലീഗിൽ ഗോകുലം കേരള ഇന്ന് ഐസ്വാൾ എഫ്സിക്കെതിരെ. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ സമനിലപ്പൂട്ട് തകർത്ത് വിജയവഴിയിൽ തിരികെയെത്തുകയാവും ഗോകുലത്തിൻ്റെ ലക്ഷ്യം. 4 ന്യൂസ് ചാനൽ, യൂട്യൂബ്, വൺ സ്പോർട്സ് ചാനൽ, വൺ സ്പോർട്സ് ഫേസ്ബുക് എന്നിവയിലൂടെ കളി തത്സമയം കാണാൻ കഴിയും.
സീസണിൽ ഇതുവരെ പരാജയമറിയാതെയാണ് ഗോകുലം കേരള കുതിയ്ക്കുന്നത്. നിലവിൽ 7 മത്സരങ്ങളിൽ നിന്ന് 4 ജയം സഹിതം 15 പോയിൻ്റുള്ള ഗോകുലം പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ചെത്തിയ ഗോകുലം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സമനിലയിൽ കുരുങ്ങി.
അതേസമയം, തുടക്കത്തിലെ പരുങ്ങലിനു ശേഷം അവസാനത്തെ 4 മത്സരങ്ങളിൽ നിന്ന് 3 ജയവുമായാണ് ഐസ്വാൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. 8 മത്സരങ്ങളിൽ മൂന്ന് ജയവും 5 തോൽവിയും സഹിതം 9 പോയിൻ്റുള്ള ഐസ്വാൾ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
രാജസ്ഥാൻ യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് ഗോകുലം സമനില നേടിയത്. ഇഞ്ചുറി ടൈമിൽ നാൻഗോം റൊണാൾഡ് സിങ് നേടിയ ഗോളാണ് ഗോകുലത്തെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.
രാജസ്ഥാന് വേണ്ടി സാർഡോർ യാഖൊനോവാണ് ഗോൾ നേടിയത്. 27-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് യാഖോനോവ് രാജസ്ഥാന് വേണ്ടി വലകുലുക്കിയത്. 90 മിനിറ്റ് വരെ ആ ലീഡ് കാത്തുസൂക്ഷിക്കാനും രാജസ്ഥാന് സാധിച്ചു. എന്നാൽ 66-ാം മിനുറ്റിൽ ഒമർ റാമോസ് ചുവപ്പുകാർഡ് കണ്ടതോടെ രാജസ്ഥാൻ പത്തുപേരായി ചുരുങ്ങി. പിന്നാലെയാണ് ഗോകുലം ഗോളടിച്ചത്. 90-ാം മിനുറ്റിലാണ് നാൻഗോം റൊണാൾഡ് സിങ് ഒരു ഗോൾ തിരിച്ചടിച്ച് ഗോകുലത്തിന് സമനില നേടിയത്.
Story Highlights: gokulam kerala aizwal fc i league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here