Advertisement

ഐപിഎൽ; പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത

April 2, 2022
2 minutes Read

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ ആറുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 14.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്. 33 പന്തുകള്‍ ശേഷിക്കെയാണ് കൊല്‍ക്കത്തയുടെ വിജയം.

വെറും 31 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. നാലുവിക്കറ്റെടുത്ത ഉമേഷ് യാദവിന്റെ പ്രകടനത്തിലാണ് പഞ്ചാബ് ചെറിയ സ്‌കോറിലൊതുങ്ങിയത്.

138 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്ത തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. ഓപ്പണര്‍ അജിങ്ക്യ രഹാനെയെയാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. 12 റണ്‍സെടുത്ത രഹാനെ റബാദയുടെ പന്തില്‍ ഒഡിയന്‍ സ്മിത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. സാം ബില്ലിങ്‌സിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ മികച്ച തുടക്കം നല്ലൊരു ഇന്നിങ്‌സായി മാറ്റാന്‍ ശ്രേയസിന് സാധിച്ചില്ല. 15 പന്തിൽ 26 റൺസിന് ശ്രേയസ് അയ്യർ പുറത്തായി. പിന്നാലെ എത്തിയ നിതീഷ് റാണ റൺസ് ഒന്നും നേടാതെ തന്നെ പുറത്തായി. ഇതിന് ശേഷം സാം ബില്ലിങ്‌സും ആന്ദ്രെ റസ്സലും ഒന്നിച്ചതോടെ കൊൽക്കത്ത വിജയ കുതിപ്പ് നടത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 18.2 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. നാലുവിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിന്റെ നടുവൊടിച്ചത്. 31 റണ്‍സെടുത്ത ഭാനുക രജപക്‌സയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. കഗിസോ റബാദ 25 റണ്‍സെടുത്തു. ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്കിനെ നഷ്ടമായി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. നാലാം ഓവറില്‍ ശിഖര്‍ ധവാനും മടങ്ങി. 16 റണ്‍സെടുത്ത ധവാനെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്സിന്റെ കൈകളിലെത്തിച്ചു. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് രജപക്‌സയും മടങ്ങി. കേവലം ഒമ്പത് പന്തില്‍ നിന്നാണ് രജപക്‌സ 31 റണ്‍സെടുത്തത്. ഇതില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടും.

ലിവിംഗ്‌സറ്റണ്‍ വീണ്ടും നിരാശപ്പെടുത്തി. ഉമേഷിന്റെ പന്തില്‍ ലോംഗ് ഓഫില്‍ സൗത്തിക്ക് ക്യാച്ച്. രാജ് ബാവ (11) സുനില്‍ നരെയ്ന്‍ ബൗള്‍ഡാക്കി. ഷാരുഖ് ഖാന് (0) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. സൗത്തിയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് നിതീഷ് റാണയ്ക്ക് ക്യാച്ച് നല്‍കി. 14 റണ്‍സുമായി അല്‍പനേരം പിടിച്ചുനിന്ന ഹര്‍പ്രീത് ബ്രാര്‍ ഉമേഷിന്റെ പന്തില്‍ ബൗള്‍ഡായി. അതേ ഓവറില്‍ രാഹുല്‍ ചാഹറും (0) മടങ്ങി.

Read Also : ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം; ചെന്നൈക്ക് നാണക്കേടിന്റെ റെക്കോർഡ്

പിന്നീട് ക്രീസിലെത്തിയ റബാദ പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 16 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് താരം 25 റണ്‍സെടുത്തത്. 19-ാം ഓവറില്‍ ആന്ദ്രേ റസ്സലിനെതിരെ സിക്‌സടിക്കാന്‍ ശ്രമിക്കുമ്പോല്‍ സൗത്തിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. അര്‍ഷദീപ് അതേ ഓവറില്‍ റണ്ണൗട്ടായതോടെ പഞ്ചാബിന്റെ സ്‌കോര്‍ 137ന് അവസാനിച്ചു. ഒഡെയ്ന്‍ സ്മിത്ത് (9) പുറത്താവാതെ നിന്നു. ശിവം മാവി, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Story Highlights: IPL- KKR beat PBKS by 6 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top