പ്രസിഡന്റിന്റെ വസതിക്കു സമീപം നടന്ന പ്രതിഷേധം തീവ്രവാദം: ശ്രീലങ്കൻ സർക്കാർ

സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വീടി സമീപം പ്രതിഷേധം നടത്തിയതിൽ അപലപിച്ച് സർക്കാർ. അക്രമാസക്ത പ്രതിഷേധം തീവ്രവാദമാണെന്നാരോപിച്ച സർക്കാർ പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളാണ് ഇതിനു പിന്നിലെന്നും കുറ്റപ്പെടുത്തി.
വ്യാഴാഴ്ചയാണ് പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു സമീപം ജനം സംഘടിച്ചത്. രാജ്യം ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിക്കു കാരണം പ്രസിഡന്റിന്റെ കെടുകാര്യസ്ഥതയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ നിരവധിയാളുകൾക്ക് പരിക്കേറ്റു. വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് 50ലേറെ ആളുകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊളംബോയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെ പ്രതിപക്ഷ പാർട്ടികളായ സമാഗി ജന ബലവേഗയ, ജനത വിമുക്തി പെരമുന എന്നീ പാർട്ടികൾക്കാണ് അക്രമാസക്ത പ്രതിഷേധത്തിന്റെ ഉത്തരവാദിത്തമെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുംഗ കുറ്റപ്പെടുത്തി.
Read Also : അഭയാർത്ഥി പ്രവാഹം : ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
Story Highlights: Protests near president’s residence act of terrorism, says Sri Lankan govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here