വോയ്‌സ് ഓഫ് അമേരിക്കയുടെ സംപ്രേഷണം നിരോധിച്ച് താലിബാൻ; പിന്നാലെ പുതിയ സാറ്റ്‌ലൈറ്റ് ചാനൽ ആരംഭിച്ച് മറുപടി

അഫ്ഗാനിസ്താനിൽ പുതിയ സാറ്റ്‌ലൈറ്റ് ചാനൽ ആരംഭിച്ച് യു എസ് വാർത്താ ഏജൻസി വോയ്‌സ് ഓഫ് അമേരിക്ക. വോയ്‌സ് ഓഫ് അമേരിക്കയുടെ ഭൂതല സംപ്രേഷണം നിരോധിച്ച താലിബാൻ ഭരണകൂടത്തിന്റെ നടപടിയ്ക്ക് പിന്നാലെയാണ് വാർത്താ ഏജൻസിയുടെ പുതിയ നീക്കം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സാറ്റ്‌ലൈറ്റ് ചാനലാണ് ആരംഭിച്ചത്.
യു എസ് സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വാർത്താ ഏജൻസിയാണ് വോയ്‌സ് ഓഫ് അമേരിക്ക. ചാനലിന്റെ പുതിയ ടിവി സ്ട്രീം, ‘വിഒഎ അഫ്ഗാനിസ്ഥാൻ എന്ന് അറിയപ്പെടും. താലിബാന്റെ സെൻസർഷിപ്പ് ഉണ്ടെങ്കിലും പ്രേക്ഷകർക്ക് വിഒഎ ലഭ്യമാകും. പുതിയ സാറ്റ്‌ലൈറ്റ് സ്ട്രീമിൽ പ്രേക്ഷകരുടെ ജനപ്രിയ പരിപാടികൾ ഉണ്ടാവുമെന്നും, നിലവിൽ സംഗീത പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ കഴിയാത്ത അഫ്ഗാനിസ്ഥാനിലെ ശൂന്യത നികത്താൻ വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വോയ്‌സ് ഓഫ് അമേരിക്ക അറിയിച്ചു.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
മാർച്ച് 27 മുതലാണ് വിഒഎ-യുടെ പ്രോഗ്രാമുകൾ അഫ്ഗാനിസ്താനിലെ ടെലിവിഷൻ ചാനലുകളിൽ നിന്ന് ഒഴിവാക്കിയത്. പുരുഷന്മാരോടൊപ്പം സ്ത്രീകൾ വാർത്താ ചാനലുകളിൽ അവതാരകരാക്കുന്നതിനെ വിലക്കുന്നതുൾപ്പെടെയുളള താലിബാൻ നയങ്ങളുടെ ഭാഗമായാണ് വോയ്‌സ് ഓഫ് അമേരിക്കയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
Story Highlights: US launches satellite TV channel for Afghanistan after Taliban bans broadcast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here