ശ്രീനിധിയെയും വീഴ്ത്തി; അപരാജിതരായി ഗോകുലം ഒന്നാമത്

ഐലീഗിൽ ശ്രീനിധി ഡെക്കാണെതിരെ ഗോകുലം കേരളയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം പുതുമുഖങ്ങളെ വീഴ്ത്തിയത്. അമീനോ ബൗബ, ജോർഡൈൻ ഫ്ലച്ചർ എന്നിവരാണ് ഗോകുലത്തിനായി സ്കോർ ചെയ്തത്. ഡേവിഡ് കാസ്റ്റനെഡ മുന്യോസ് ശ്രീനിധിയുടെ ആശ്വാസ ഗോൾ നേടി.
പന്തടക്കത്തിലും പാസിംഗിലുമെല്ലാം മുന്നിൽ നിന്നത് ശ്രീനിധിയാണെങ്കിലും നാലാം മിനിട്ടിൽ തന്നെ മത്സരത്തിൽ ലീഡെടുക്കാൻ ഗോകുലത്തിനായി. ശരീഫ് മുഹമ്മദിന്റെ കോർണറിൽ തലവച്ച് അമീനോ ബൗബ ഗോകുലത്തെ മുന്നിലെത്തിച്ചു. സീസണിൽ താരത്തിൻ്റെ ആദ്യ ഗോളായിരുന്നു ഇത്. 30ആം മിനുട്ടിൽ ഗോകുലം ലീഡ് ഇരട്ടിയാക്കി. ഫ്ലച്ചറിന്റെ ഒരു പവർഫുൾ ഇടം കാലൻ ഷോട്ടാണ് ഗോകുലത്തിൻ്റെ ലീഡ് ഇരട്ടിയാക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോകുലം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ ശ്രീനിധി തുടരാക്രമണങ്ങളുമായി ഗോകുലത്തെ വിറപ്പിച്ചു. 49ആം മിനിട്ടിൽ അവർ ഒരു ഗോൾ തിരിച്ചടിച്ചു. ഡേവിഡ് കാസ്റ്റനെഡ നേടിയ ഈ ഗോളിനു ശേഷവും ശ്രീനിധി ആക്രമണം തുടർന്നു. അവസാന മിനിട്ടുകളിൽ ഗോകുലം ബോക്സിലേക്ക് ഇരച്ചുകയറിയ ശ്രീനിധിയ്ക്ക് നിർഭാഗ്യം കൊണ്ട് മാത്രമാണ് ഗോൾ നേടാൻ കഴിയാതിരുന്നത്. ഇതിനിടെ ലഭിച്ച രണ്ട് സുവർണാവസരങ്ങൾ ഗോകുലത്തിൻ്റെ ശ്രീക്കുട്ടൻ പാഴാക്കുകയും ചെയ്തു.
ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 6 ജയം സഹിതം 21 പോയിൻ്റുമായി ഗോകുലം പട്ടികയിൽ ഒന്നാമതാണ്. 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം സഹിതം 17 പോയിൻ്റുള്ള ശ്രീനിധി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
Story Highlights: gokulam kerala won i league srinidhi fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here