പാകിസ്താൻ ഭരണ പ്രതിസന്ധി; സുപ്രീം കോടതി വാദം പുനരാരംഭിച്ചു

പാകിസ്താനിലെ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വാദം പുനരാരംഭിച്ചു. പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ഖാന്റെ തീരുമാനം ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് ഉമർ അത്താ ബാൻഡിയലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. അവിശ്വാസ പ്രമേയത്തെ നിസാരമായി തള്ളിക്കളയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ, ജസ്റ്റിസ് ഇജാസുൽ അഹ്‌സാൻ, ജസ്റ്റിസ് മസ്ഹർ ആലം ഖാൻ മിയാൻഖെൽ, ജസ്റ്റിസ് മുനീബ് അഖ്തർ, ജസ്റ്റിസ് ജമാൽ ഖാൻ മണ്ടോഖൈൽ എന്നിവരടങ്ങിയ ബെഞ്ച് ആണ് വിഷയം പരിഗണിച്ചത്. അവിശ്വാസവുമായി ബന്ധപ്പെട്ട് പ്രസിഡന്റും പ്രധാനമന്ത്രിയും എടുത്ത എല്ലാ തീരുമാനങ്ങളും കോടതി പരിശോധിക്കും. വിധി പറയും മുൻപ് എല്ലാ കക്ഷികളുടെയും വാദം കേൾക്കും. പ്രസിഡന്റ് ആരിഫ് അൽവി, സുപ്രീം കോടതി ബാർ അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ എന്നിവരെയെല്ലാം കക്ഷി ചേർത്തിട്ടുണ്ട്.
അതേസമയം പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് രാജിവച്ചതായി വാർത്താ ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്തു. അനിശ്ചിതത്വം തുടരുന്നതിനിടെ കെയർടേക്കർ പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാമനിർദേശം ചെയ്തിരുന്നു. കെയർടേക്കർ പ്രധാനമന്ത്രിയുടെ പേരു നിർദേശിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് ആരിഫ് അൽവി പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷരീഫിനും കത്തയച്ച സാഹചര്യത്തിലായിരുന്നു ഇത്.
Story Highlights: pakistan sc imran khan issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here