Advertisement

കാർത്തികും ഷഹബാസും തകർത്തു; ആർസിബിയ്ക്ക് രണ്ടാം ജയം

April 5, 2022
1 minute Read

രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. 4വിക്കറ്റിനാണ് ബാംഗ്ലൂർ രാജസ്ഥാനെ കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 170 റൺസിൻ്റെ വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടപ്പെടുത്തി 5 പന്തുകൾ ബാക്കിനിൽക്കെയാണ് ബാംഗ്ലൂർ മറികടന്നത്. മികച്ച തുടക്കത്തിനു ശേഷം തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ബാംഗ്ലൂരിന് ദിനേഷ് കാർത്തിക് (23 പന്തിൽ 44 നോട്ടൗട്ട്), ഷഹബാസ് അഹ്മദ് (45) എന്നിവരുടെ അവിസ്മരണീയ ബാറ്റിംഗാണ് ആവേശ ജയം സമ്മാനിച്ചത്. രാജസ്ഥാനു വേണ്ടി യുസ്‌വേന്ദ്ര ചഹാൽ 2 വിക്കറ്റ് വീഴ്ത്തി. ഇതോടെ ആർസിബി സീസണിൽ തുടർച്ചയായ രണ്ടാം ജയം കുറിച്ചപ്പോൾ രാജസ്ഥാൻ്റെ ആദ്യ തോൽവിയാണ്.

വളരെ മികച്ച തുടക്കമാണ് ഫാഫ് ഡുപ്ലെസിയും അനുജ് റാവത്തും ചേർന്ന് ബാംഗ്ലൂരിനു നൽകിയത്. അനായാസം ബാറ്റ് ചെയ്ത ഫാഫ് തുടരെ ബൗണ്ടറികൾ നേടി രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. 55 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ചഹാൽ ആണ് രാജസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 29 റൺസെടുത്ത ഡുപ്ലെസിയെ ചഹാൽ ബോൾട്ടിൻ്റെ കൈകളിലെത്തിച്ചു. ഇതോടെ വിക്കറ്റുകൾ കടപുഴകാൻ ആരംഭിച്ചു. അനുജ് റാവത്തിനെ (26) നവദീപ് സെയ്നിയുടെ പന്തിൽ സഞ്ജു പിടികൂടി. വിരാട് കോലി (5) പെട്ടെന്ന് മടങ്ങി. കോലി റണ്ണൗട്ടാവുകയായിരുന്നു. ആ ഓവറിൽ തന്നെ ഡേവിഡ് വില്ലി (0) ചഹാലിൻ്റെ പന്തിൽ കുറ്റി തെറിച്ചുമടങ്ങി. ഷെർഫെയിൻ റൂതർഫോർഡ് (5) നവദീപ് സെയ്നിയുടെ പന്തിൽ ട്രെൻ്റ് ബോൾട്ടിൻ്റെ കൈകളിൽ അവസാനിച്ചു.

12.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിൽ തകർന്ന ബാംഗ്ലൂരിനെ ആറാം വിക്കറ്റിൽ ദിനേഷ് കാർത്തികും ഷഹബാസ് അഹ്മദും ചേർന്ന് മുന്നോട്ടുനയിച്ചു. റെഡ് ഹോട്ട് ഫോമിലായിരുന്ന കാർത്തിക് ആദ്യ പന്തുമുതൽ ആക്രമിച്ചുകളിച്ചു. വൈകാതെ ഷഹബാസും ബൗണ്ടറികൾ കണ്ടെത്തി. 67 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷം ഷഹബാസ് മടങ്ങി. 26 പന്തുകളിൽ 45 റൺസെടുത്ത താരത്തെ ബോൾട്ട് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. എന്നാൽ, സമർത്ഥമായി ബാറ്റിംഗ് തുടർന കാർത്തിക് അനായാസം ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. കാർത്തികിനൊപ്പം ഹർഷൽ പട്ടേലും (9) നോട്ടൗട്ടാണ്.

Story Highlights: royal challengers bangalore won rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top