സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നത് സസ്‌പെന്‍സ്; നാളെ രാവിലെ കെ വി തോമസിന്റെ പത്രസമ്മേളനം
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് ട്വന്റിഫോറിനോട് പറയുന്നത്. തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിനാണോ ഒരുങ്ങുന്നത് എന്ന കാര്യം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. (KV Thomas’s press conference tomorrow)
കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത സിപിഐഎം പൂര്‍ണമായി തള്ളുന്നില്ല. കെ വി തോമസ് മാത്രമല്ല മറ്റ് പല നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്. സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം വി ജയരാജനും പറഞ്ഞു. ബിജെപിയെയല്ല തങ്ങള്‍ ക്ഷണിച്ചത്. അവര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനമില്ല. എന്നാല്‍ നേതാക്കള്‍ക്ക് സെമിനാറില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കാതിരുന്ന കോണ്‍ഗ്രസ് ഭാവിയില്‍ ഇതേച്ചൊല്ലി ഖേദിക്കേണ്ടി വരും. കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് തിരുമണ്ടന്‍ തീരുമാനമായിപ്പോയെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കെ വി തോമസ് എത്തുമെന്ന പ്രതീക്ഷയില്‍ ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും സിപിഐഎം കെ.വി.തോമസിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് എഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ശശി തരൂര്‍ എംപിയും കെ.വി.തോമസും പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി തരൂരിനെ ഒഴിവാക്കി കെ.വി.തോമസിനെ ഉള്‍പ്പെടുത്തി നോട്ടീസ് ഇറക്കിയിരിക്കുന്നത്.
Read Also : കമ്യൂണിസ്റ്റ് പുനരേകീകരണം തക്കസമയത്ത് ചര്‍ച്ച ചെയ്യും; ഡി.രാജയ്ക്ക് മറുപടിയുമായി എം.എ ബേബി
എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. 2024 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അതിന് സിപിഐഎം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാര്‍ട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. വിഷയത്തെപറ്റി അറിവുള്ളയാള്‍ എന്ന നിലയില്‍ കൂടിയാണ് വിളിച്ചത് എന്നും കെ.വി.തോമസ് പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കെ.വി.തോമസിനോട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് കെ.വി.തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഐഎം നേതൃത്വം വിശദീകരിച്ചതിന് പിറകെയാണ് ഹൈക്കമാന്‍ഡ് ഇന്നലെ തീരുമാനം വ്യക്തമാക്കിയത്. രണ്ടാം തവണയും അനുവാദം തേടി കത്ത് അയച്ച കെ.വി.തോമസിന്റെ നടപടിയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.
Story Highlights: KV Thomas’s press conference tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here